ഐഇഡിസി ഉച്ചകോടി "ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍" ഇന്ന്( തിങ്കളാഴ്ച )
Thrissur / September 27, 2026
തൃശ്ശൂർ: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി-യുവ സംരംഭകത്വ സംഗമമായ ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) സമ്മിറ്റ് 2026 ഇന്ന് (സെപ്റ്റംബർ 28 തിങ്കളാഴ്ച) തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്നു ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായ ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രാവിലെ 11 മണിക്ക് നിർവഹിക്കും.
"ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കും.
കേരളത്തിലെ 14 ജില്ലകളിലെ 14 ക്ലസ്റ്ററുകളിലായി പ്രവർത്തിക്കുന്ന 601 ഐഇഡിസികൾ, 1,000-ലധികം നോഡൽ ഓഫീസർമാർ, 4,000-ലധികം സ്റ്റുഡന്റ് ലീഡുകൾ, 250-ലധികം സ്റ്റാർട്ടപ്പുകൾ, 5,000-ലധികം പുതിയ ആശയങ്ങള്‍ തുടങ്ങിയവയുടെ ഒത്തു ചേരലാണ് ഉച്ചകോടിയിലൂടെ നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള എഴുപതിലധികം വിദഗ്ധര്‍ പരിപാടിയിൽ സംസാരിക്കും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ, വിദ്യാർത്ഥികളെ വ്യവസായ ലോകത്തിന് അനുയോജ്യമായ രീതിയിൽ വളർത്തിയെടുക്കുന്നതിനും, നൂതന സാങ്കേതികാധിഷ്ഠിത സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഐ.ഇ.ഡി.സി (IEDC) നൽകുന്ന പിന്തുണ വലിയൊരു മുതൽക്കൂട്ടാണെന്ന് കെഎസ്യു എം സി ഇ ഒ അനൂപ് അംബിക പറഞ്ഞു.
ഉച്ചകോടിയുടെ സമാപന ദിവസമായ സെപ്റ്റംബർ 29-ന് കേരള സ്റ്റാർട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ ഇന്നൊവേഷൻ ലീഡേഴ്സ് ആൻഡ് നോഡൽ ഓഫീസേഴ്സ് കോൺക്ലേവ് നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലും അക്കാദമിക് പാഠ്യപദ്ധതിയിലും സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ലോകത്തെക്കുറിച്ചുള്ള പ്രായോഗിക വിജ്ഞാനം നല്‍കുകയാണ് ഐഇഡിസി ഉച്ചകോടിയുടെ ലക്ഷ്യം. മുൻപരിചയമില്ലാത്തവർക്ക് പോലും പ്രയോജനപ്പെടുന്ന വിധത്തിൽ ശിൽപ്പശാലകൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, ലേണിംഗ് സ്റ്റേഷനുകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ എന്നിവ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
പ്രോജക്ടുകളും ആശയങ്ങളും സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കാനും, വ്യവസായ പ്രമുഖരിൽ നിന്നും നിക്ഷേപകരിൽ നിന്നും നേരിട്ട് മാർഗനിർദേശങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് ഉച്ചകോടിയിലൂടെ അവസരം ലഭിക്കും. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നൂതന ആശയങ്ങൾ വികസിപ്പിക്കുന്നവർക്കും കഴിവുകൾ തെളിയിക്കാനുള്ള വേദിയായിരിക്കും ഉച്ചകോടി.