കെടിഎം 2026: ടൂറിസം മേഖലയില്‍ മാനുഷികതയും എല്ലാവര്ക്കും സൗകര്യവും ഉറപ്പാക്കണമെന്ന് വിദഗ്ധര്‍
Kochi / September 27, 2026
കൊച്ചി: ടൂറിസം മേഖലയില്‍ സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കാന്‍ മാനുഷിക സമീപനവും എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യങ്ങളും പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും നിര്‍ണായകമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) വേദിയില്‍ വിദഗ്ധര്‍.
'സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഇന്‍ ടൂറിസം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ സംഘടിപ്പിച്ച കെടിഎം 2026 രാജ്യത്തെ പ്രധാന ടൂറിസം, വ്യാപാര പ്രദര്‍ശനങ്ങളിലൊന്നാണ്.
പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുക, തദ്ദേശീയരായ ഗൈഡുകളുടെ സേവനം ഉപയോഗപ്പെടുത്തുക, പ്രദേശത്തിന്റെ സംസ്കാരം അടുത്തറിയുക എന്നിവയൊക്കെ സാമൂഹിക ഉത്തരവാദിത്തമുള്ള ടൂറിസത്തിന്റെ ഭാഗമാണെന്ന് കേരളത്തിലെ ആയുര്‍വേദ ചികിത്സകയും യാത്രാ എഴുത്തുകാരിയുമായ ഡോ. മിത്ര സതീഷ് പറഞ്ഞു.
വിനോദസഞ്ചാരത്തിനായി ചെലവഴിക്കുന്ന പണം പ്രാദേശിക സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ വിനിയോഗിക്കണം. ഇടപഴകുന്ന ആളുകളോടും സമൂഹത്തോടും ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ് വിനോദസഞ്ചാരികളുടെ സാമൂഹിക ഉത്തരവാദിത്തമെന്നും അവര്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലായിരിക്കണം വിനോദസഞ്ചാര കേന്ദ്രങ്ങള്‍. യൂറോപ്പിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും വീല്‍ചെയര്‍ സൗഹൃദമാണെന്നും കേരളം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നത് അവരെ സഹായിക്കാനുള്ള ഒരു മാര്‍ഗമായി ബന്ധപ്പെട്ടവര്‍ക്ക് പരിഗണിക്കാവുന്നതാണെന്നും ഡോ. മിത്ര പറഞ്ഞു.
വെല്‍നെസ് ടൂറിസം മാനുഷിക ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണെന്നും കേരളത്തിലെത്തുന്ന പല വിനോദസഞ്ചാരികളും ഇവിടെ ഹൃദ്യമായ സ്നേഹവും കരുതലും ലഭിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നത് കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ആയുര്ഗമയ സ്ഥാപകയായ സലീല സുകുമാരന്‍ പറഞ്ഞു.
അത്തരത്തില്‍ വിനോദസഞ്ചാരികളുമായി ആത്മാര്‍ത്ഥമായ ബന്ധം ഉണ്ടാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കണമെന്നും അവര്‍ പറഞ്ഞു.
എഐയും സോഷ്യല്‍ മീഡിയയും വ്യാപകമായ ഇക്കാലത്ത് എല്ലാം വളരെ മികച്ചതായി മാത്രം അവതരിപ്പിക്കുന്നതിന് പകരം യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന അനുഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കണമെന്ന് അമേരിക്കയിലെ ലോംഗര്‍ വെക്കേഷന്‍സ് സിഇഒ ഇവാന് മക്എലിഗറ്റ് അഭിപ്രായപ്പെട്ടു. പ്രാദേശിക ജീവിതവും സംസ്കാരവും അടുത്തറിയാന്‍ കൂടുതല്‍ സമയം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുന്ന തരത്തില്‍ യാത്രകള്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വിശദമാക്കി.
സിജിഎച്ച് എര്‍ത്ത് ഹോട്ടല്‍സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഷിലേന്ദ്രന് എം ചര്‍ച്ച നയിച്ചു. കെടിഎം മുന്‍ പ്രസിഡന്റ് റിയാസ് അഹമ്മദ് സെഷനില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.
Photo Gallery