നിര്‍മ്മിതബുദ്ധി ലോകത്തെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയ്ക്ക് കഴിയണം : കെ.ടി.എം 2026 പാനൽ ചർച്ച
Kochi / September 27, 2026
കൊച്ചി: വിനോദസഞ്ചാര മേഖലയിലെ വ്യക്തിഗതമായ യാത്രാനുഭവങ്ങൾക്കും ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിപണനം നവീകരണം എന്നിവയില്‍ നിർമിതബുദ്ധിക്ക് (എ.ഐ) വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) 2026-ൽ സംഘടിപ്പിച്ച പാനൽ ചർച്ച വിലയിരുത്തി. ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി "വിനോദസഞ്ചാരത്തെ പുനർനിർവചിക്കാൻ ഡിജിറ്റൽ അജണ്ടയും എ.ഐയും" എന്ന വിഷയത്തിൽ നടന്ന ചർച്ച വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
സഞ്ചാരികൾ ഇന്ന് തനതായ അനുഭവങ്ങൾ തേടുന്നവരാണെന്നും ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ടൂർ ഓപ്പറേറ്റർമാർ തങ്ങളുടെ സേവനങ്ങളിൽ മാറ്റം വരുത്തണമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്താൻ എ.ഐ സാങ്കേതികവിദ്യയ്ക്ക് കഴിയും. എന്നാൽ വ്യക്തിഗത മുൻഗണനകൾ കണക്കിലെടുക്കുമ്പോഴും സ്വകാര്യത സംരക്ഷിക്കാൻ കൃത്യമായ ജാഗ്രത വേണമെന്നും സെൻസിറ്റീവായ വ്യക്തിവിവരങ്ങൾ അനാവശ്യമായി പങ്കുവെക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിനോദസഞ്ചാര രംഗത്തെ സംരംഭങ്ങൾക്ക് എ.ഐ അത്യന്താപേക്ഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് 'ദി ട്രാവൽ പ്ലാനേഴ്സ്' സി.ഇ.ഒ അനീഷ് കുമാർ ചൂണ്ടിക്കാട്ടി. ലാർജ് ലാംഗ്വേജ് മോഡലുകൾക്ക് (എൽ.എൽ.എം) അനുയോജ്യമായ രീതിയിൽ ഉള്ളടക്കങ്ങളും ഡിജിറ്റൽ സാന്നിധ്യവും ചിട്ടപ്പെടുത്താൻ ടൂറിസം സംരംഭകർ തയ്യാറാകണം. മൂന്നാർ, വയനാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര സീസണുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും എ.ഐ പ്രയോജനപ്പെടുത്താം. ടൂറിസം മേഖലയിൽ എഐ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടൂറിസത്തിന്റെ സ്വാഭാവിക അനുഭൂതിയെ എ.ഐ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സൂരജിത് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൈതൃക സംരക്ഷണത്തിലും ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിലും എ.ഐ മികച്ച പങ്കുവഹിക്കും. അപൂർവ പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങളിൽ സന്ദർശകരുടെ നിയന്ത്രണം ഉറപ്പാക്കാനും അതുവഴി കേടുപാടുകൾ ഒഴിവാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിർമിതബുദ്ധി 'ഏജന്റിക് എ.ഐ' എന്ന ഘട്ടത്തിലാണെന്നും ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഇത് വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാന്‍ ടൂറിസം മേഖലയും സജ്ജമാകണമെന്നും ഡിജിറ്റൽ ഇവാഞ്ചലിസ്റ്റ് ശരത് വി. രാജ് വ്യക്തമാക്കി. ടൂറിസത്തിൽ എ.ഐയുടെ വിനിയോഗം നയപരമായ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത പാനലിസ്റ്റുകൾക്ക് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, എബ്രഹാം ജോർജ്, ഇ.എം. നജീബ് എന്നിവർ ഉപഹാരങ്ങള്‍ സമർപ്പിച്ചു. കെ. ടി. ഡി. സി എംഡി സുമിത് കുമാർ താക്കൂർ ചർച്ച മോഡറേറ്റ് ചെയ്തു. പാനൽ ചർച്ചയ്ക്ക് ശേഷം "മുസിരിസ്: ലോക വിനോദസഞ്ചാര പൈതൃക കേന്ദ്രം" എന്ന വിഷയത്തിൽ സെമിനാറും നടന്നു.
Photo Gallery