സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായത്തിനും ഉണര്‍വേകി കെടിഎം-2026 ന് സമാപനം
ആകെ നടന്നത് 58,000 ബിസിനസ് കൂടിക്കാഴ്ചകള്‍
Kochi / September 27, 2026
കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വേകി പതിമൂന്നാമത് കേരള ട്രാവല്‍ മാര്‍ട്ടിന് (കെടിഎം-2026) കൊച്ചിയില്‍ സമാപനം. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ ബയേഴ്‌സ്-സെല്ലേഴ്‌സ് കൂടിക്കാഴ്ചകളാലും ടൂറിസം പുരോഗതിക്ക് ഉതകുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായിരുന്നു നാലു ദിവസത്തെ ട്രാവല്‍ മാര്‍ട്ട്.
നാലു ദിവസത്തെ ട്രാവല്‍ മാര്‍ട്ടില്‍ ആകെ 58,000 ബിസിനസ് കൂടിക്കാഴ്ചകളാണ് (ബിടുബി മീറ്റ്) നടന്നത്. മുന്‍കൂട്ടി നിശ്ചയിച്ച 45,000 ബിടുബികളും അതല്ലാതെ 13,000-ത്തോളം കൂടിക്കാഴ്ചകളും നടന്നു.
വിനോദസഞ്ചാര മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണവും ദോഷവുമുണ്ടെന്ന് കെടിഎം-2026 വിലയിരുത്തി. എഐ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സറിഞ്ഞുള്ള യാത്രാനുഭവങ്ങള്‍ നല്‍കാന്‍ മനുഷ്യ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂവെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലകളിലെ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മികച്ച അനുഭവവേദ്യ ടൂറിസം കേന്ദ്രമായി കേരളം വളരുകയാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും കെടിഎം-2026 ചൂണ്ടിക്കാട്ടി.
കെടിഎം സമാപന സമ്മേളനം ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ടൂറിസം അസി. ഡയറക്ടര്‍ എസ് പദ്മാവതി, കെടിഎം സെക്രട്ടറി എസ്. സ്വാമിനാഥന്‍, മുന്‍ കെടിഎം പ്രസിഡന്റുമാരായ ജോസ് ഡോമനിക്, ഇ.എം നജീബ്, ബേബി മാത്യു, റിയാസ് അഹമ്മദ്, എബ്രഹാം ജോര്‍ജ്, കെടിഎം ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ സി, ട്രഷറര്‍ ജിബ്രാന്‍ ആസിഫ്, സിഇഒ രാജ്കുമാര്‍ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷത്തെ ട്രാവല്‍ മാര്‍ട്ട് ടൂറിസം പങ്കാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500-ലധികം ബയര്‍മാരാണ് പങ്കെടുത്തത്. വിദേശ ബയര്‍മാരുടെ സര്‍വകാല റെക്കോര്‍ഡ് പങ്കാളിത്തമാണ് ഉണ്ടായത്. 59 രാജ്യങ്ങളില്‍ നിന്നായി ആകെ 380 പ്രമുഖ അന്താരാഷ്ട്ര ടൂറിസം പ്രതിനിധികളാണ് പങ്കെടുത്തത്. യുഎസ്എയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികളെത്തിയത്(38). അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ യുകെ(35), റഷ്യ(30), യുഎഇ (23) എന്നിവര്‍ പങ്കാളിത്തത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. പശ്ചിമേഷ്യന്‍, പരമ്പരാഗത യൂറോപ്യന്‍ വിപണികളില്‍ കേരളത്തിനുള്ള വിപുലമായ ജനപ്രീതിക്ക് തെളിവാണ് ഈ കണക്കുകള്‍. ജര്‍മ്മനിയില്‍ നിന്ന് 18, ഫ്രാന്‍സില്‍ നിന്ന് 17, മലേഷ്യയില്‍ നിന്നും സ്‌പെയിനില്‍ നിന്നും 15 വീതവും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 14, ഒമാനില്‍ നിന്ന് 13 പ്രതിനിധികളും മേഖലയില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് മാര്‍ട്ടിന്റെ ഭാഗമായുള്ള ബിസിനസ് (ബിടുബി) കൂടിക്കാഴ്ചകളും പ്രദര്‍ശനവും നടന്നത്. ടൂറിസം സംരംഭകരുടെ 383 സെല്ലര്‍ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചു.
സെപ്റ്റംബര്‍ 24 ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് കെടിഎം-2026 ഉദ്ഘാടനം ചെയ്തത്. കെടിഎം എക്‌സ്‌പോ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
സഞ്ചാരികളുടെ താല്‍പര്യം, വ്യക്തിഗത സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉപഭോക്തൃ അവലോകനങ്ങള്‍ എന്നിവ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയെ എങ്ങനെ പുനര്‍നിര്‍വചിക്കുന്നുവെന്ന് ട്രാവല്‍-ടൂറിസം മേഖലയിലെ ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുത്ത കെടിഎം സെമിനാര്‍ പരിശോധിച്ചു. സഞ്ചാരികളുടെ മാറുന്ന പ്രതീക്ഷകള്‍ക്കനുസൃതമായി നിലവിലുള്ള കായല്‍ ടൂറിസത്തിനും പരമ്പരാഗത ആകര്‍ഷണങ്ങള്‍ക്കുമപ്പുറം സമഗ്രവും വ്യക്തിഗതവുമായ യാത്രാനുഭവങ്ങള്‍ കേരളം വികസിപ്പിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കെടിഎമ്മിന്റെ സമാപന ദിവസമായ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോയില്‍ സൗജന്യ പ്രവേശനം അനുവദിച്ചു.