രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം; അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്‍
Trivandrum / September 6, 2026
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളുടെ (ജിസിസി) രണ്ടാമത്തെ തരംഗത്തിന് സംസ്ഥാനം സജ്ജമായതായി പ്രമുഖ ഐടി വ്യവസായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേള്‍ഡ് സര്‍ജ്ജിന്‍റെ രണ്ടാം പതിപ്പില്‍ നടന്ന 'ദി നെക്സ്റ്റ് വേവ് ഓഫ് ജിസിസി ഗ്രോത്ത്: വൈ കേരള, വൈ നൗ' എന്ന പാനല്‍ ചര്‍ച്ചയിലാണ് കേരളം മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിയാത്മക ഇടപെടലുകള്‍, നൈപുണ്യവൈദഗ്ധ്യം, കുറഞ്ഞ തൊഴില്‍ മാറ്റ നിരക്ക് (അട്രിഷന്‍ റേറ്റ്), മികച്ച ജീവിത നിലവാരം എന്നിവ ജിസിസികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള ബന്ധവും നൈപുണ്യശേഷിയുള്ള പ്രതിഭകളുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് ജിസിസികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതെന്ന് ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരന്‍ മണ്ണീങ്കല്‍ പറഞ്ഞു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉന്നത സാങ്കേതിക പരിജ്ഞാനവും കേരളത്തിന്‍റെ മേന്‍മയാണെന്ന് എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും മാനേജിങ് ഡയറക്ടറുമായ ഹരി പ്രസാദ് വ്യക്തമാക്കി. ഐസിടി അക്കാദമി, അസാപ് എന്നിവയുമായി സഹകരിച്ച് വിദഗ്ധ പരിശീലനം ലഭിച്ച പ്രാദേശിക പ്രതിഭകളെ ഉപയോഗപ്പെടുത്തി കമ്പനിക്ക് ചുരുങ്ങിയ കാലം കൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണസംവിധാനവും വ്യവസായവും വിദ്യാലയങ്ങളും പരസ്പരം കൈകോര്‍ക്കുന്ന ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളതെന്നും ശേഷി വികസനത്തിനപ്പുറം നൂതനാശയങ്ങള്‍ക്കും മൂല്യവര്‍ദ്ധനവിനും സംസ്ഥാനം മുന്‍ഗണന നല്‍കുന്നുണ്ടെന്നും ടിസിഎസ് ഡെലിവറി സെന്‍റര്‍ മേധാവി അരുണ്‍ തെക്കേതില്‍ നിരീക്ഷിച്ചു.
പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യവും മികച്ച തൊഴില്‍ശേഷിയും പ്രയോജനപ്പെടുത്തി ആഗോള കമ്പനികള്‍ ഗവേഷണ-വികസന (ആര്‍ ആന്‍റ് ഡി) കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ മുന്നോട്ടുവരണമെന്ന് നാസ്കോം റീജിയണല്‍ ഡയറക്ടര്‍ ഭാസ്കര്‍ വര്‍മ്മ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ജീവിത നിലവാരവും ജീവനക്കാരുടെ സ്ഥിരതയും കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന് അലയന്‍സ് സര്‍വീസസ് എംഡിയും സിഇഒയുമായ ജിസണ്‍ ജോണും ഇ വൈ ജിഡിഎസ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്‍റണിയും ചൂണ്ടിക്കാട്ടി. സാഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിങ് ഡയറക്ടറുമായ സുജാ ചാണ്ടി ചര്‍ച്ച നിയന്ത്രിച്ചു.
സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് 'കേരളം: ആന്‍ ഇക്കോസിസ്റ്റം ഫോര്‍ ഗ്ലോബല്‍ കേപ്പബിലിറ്റി' എന്ന വിഷയത്തില്‍ അവതരണം നടത്തി. കേരളത്തിന്‍റെ ആഗോള പ്രവാസി ശൃംഖല, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഭരണ സംവിധാനങ്ങള്‍, ഐടി ഇടനാഴികള്‍, സെമികണ്ടക്ടര്‍, സ്പേസ്, ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ ജിസിസികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ നിന്നുള്ള 125-ലധികം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭാവി വ്യവസായ സാധ്യതകളും ഇന്ത്യന്‍ വിപണിയുടെ കരുത്തും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.