മുസിരിസ് പൈതൃക പദ്ധതി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍
Trivandrum / September 17, 2026
തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളത്തിന്റെ സമുദ്ര പൈതൃകം അവതരിപ്പിക്കുന്ന മുസിരിസ് പൈതൃക പദ്ധതി അന്താരാഷ്ട്ര വിനോദസഞ്ചാര ഉത്പന്നമായി വികസിപ്പിച്ച് ആഗോളതലത്തില്‍ വിപണനം ചെയ്യണമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധരുടെ നിര്‍ദേശം.
കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ ചര്‍ച്ചയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മേഘാലയയിലെ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍ക്ക് സമാനമായി മുസിരിസിനും യുനെസ്കോയുടെ സാംസ്കാരിക ഭൂപ്രദേശ പദവിക്കായി നിര്‍ദേശം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ടും ഹെറിറ്റേജ് സ്പെഷ്യലിസ്റ്റുമായ ഡോ. ശിഖ ജെയിന് പറഞ്ഞു. മുസിരിസിന് യുനെസ്കോ അംഗീകാരം ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
പരമ്പരാഗത മ്യൂസിയത്തിന് പകരം യു.കെയിലെ റോമന്‍ വില്ല ഹെറിറ്റേജ് മ്യൂസിയത്തിന്റെ മാതൃകയില്‍ ചരിത്രവും കഥകളും അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് മ്യൂസിയമാണ് മുസിരിസില്‍ ഒരുക്കേണ്ടതെന്ന് ആംസ്റ്റര്‍ഡാം ആസ്ഥാനമായ കോസ്മാന്ഡെജോംഗ് എന്ന ഡിസൈന്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറും കണ്ടന്റ് ഡെവലപ്പറുമായ ഫെംകെ ബിജ്ല്സ്മ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി അക്കാദമിക് താത്പര്യമുളള പുരാവസ്തു കേന്ദ്രമായാണ് മുസിരിസ് ഇപ്പോഴും പരിഗണിക്കപ്പെടുന്നതെന്ന് ഡോ.മനോജ് കുമാര്‍ കിനി പറഞ്ഞു. പാഡ് ലിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ടൂറിസം സാധ്യതകള്‍ക്ക് കരുത്ത് പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസിരിസ് പദ്ധതിയുടെ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി കൊച്ചിയിലെ സമുദ്ര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് മ്യൂസിയം ആന്‍ഡ് ഹെറിറ്റേജ് വിദഗ്ധന്‍ ഡോ. ബി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷൈന്‍ കെ.എസ് പദ്ധതിയുടെ ചരിത്രവും മുസിരിസിനെ വിനോദസഞ്ചാര ഉത്പന്നമായി വികസിപ്പിക്കുന്നതിനായി അടുത്തിടെ സ്വീകരിച്ച നടപടികളും സംബന്ധിച്ച് അവതരണം നടത്തി.
കൊച്ചിയില്‍ നിന്ന് മുസിരിസ് മേഖലയിലേക്ക് ബോട്ടുകളിലൂടെയും ക്രൂയിസ് സര്‍വീസുകളിലൂടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുക, ഞായറാഴ്ചകളില്‍ കോട്ടപ്പുറം മാര്‍ക്കറ്റിന്റെ പഴയകാല രൂപം സൃഷ്ടിച്ച് ചവിട്ടുനാടകം അവതരിപ്പിക്കുക, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും പ്രദേശവുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകവും കൂടുതല്‍ ആകര്‍ഷകമായി അവതരിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നു.
'ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന മറ്റൊരു സെഷനില്‍ സംസ്ഥാനത്തെ തീര്‍ത്ഥാടന, ആത്മീയ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ഏകീകൃത ആസൂത്രണം, സന്ദര്‍ശക സൗകര്യം മെച്ചപ്പെടുത്തല്‍, മികച്ച ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് എന്നിവയുടെ ആവശ്യകത ചര്‍ച്ചയായി.
കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് തിരക്ക് നിയന്ത്രണ സംവിധാനം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍, കാര്യക്ഷമമായ മാലിന്യ സംസ്കരണം എന്നിവ ആവശ്യമാണെന്ന് അര്‍ബന്‍ ഡിസൈന്‍ ആന്‍ഡ് പില്‍ഗ്രിം സര്‍ക്യൂട്ട് വിദഗ്ധ ഡോ. ബെജെനെ എസ് കോത്താരി പറഞ്ഞു. ശബരിമലയില്‍ സന്നിധാനത്തെ തിരക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ നിയന്ത്രിതമായ രീതിയില്‍ പമ്പയിലേക്ക് അയക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ തീര്‍ത്ഥാടന സര്‍ക്യൂട്ടുകള്‍ക്കായി പ്രത്യേക യാത്രാപദ്ധതികള്‍ തയ്യാറാക്കണമെന്ന് അര്‍ബന്‍ ആന്‍ഡ് സര്‍ക്യൂട്ട് ഡിസൈന്‍ വിദഗ്ധനായ ആര്‍ക്കിടെക്ട് രാജേന്ദ്ര സിങ് പറഞ്ഞു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങളായാണ് പലരും തീര്‍ത്ഥാടന യാത്രകള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് ആഗോളതലത്തില്‍ ബ്രാന്‍ഡിങ് നല്‍കണമെന്ന് ട്രാവല്‍ ജേര്‍ണലിസ്റ്റ് രവിശങ്കര്‍ പറഞ്ഞു. ഉത്രാളിക്കാവ്, ഓച്ചിറ, കൊട്ടിയൂര്‍ തുടങ്ങിയ ഉത്സവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തീര്‍ത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പൊതുസംവിധാനം രൂപീകരിക്കണമെന്ന നിര്‍ദേശത്തോട് സമ്മേളത്തിലെ എല്ലാ വിദഗ്ധരും യോജിച്ചു.
2026-27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുളള ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായാണ് 'റീഇമാജിനിംഗ് കേരളം' എന്ന ത്രിദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.