കേരളത്തെ 'നോളജ് ഹബ്ബ്' ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ 'നോളജ് വാലി' പദ്ധതി
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സഹകരണങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി റോജി എം. ജോണ്‍
Trivandrum / September 18, 2026
തിരുവനന്തപുരം: കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റുന്നത് ലക്ഷ്യമിട്ടുള്ള 'കേരള നോളജ് വാലി ആന്‍ഡ് റിസര്‍ച്ച് പാര്‍ക്ക്' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും അന്താരാഷ്ട്ര സര്‍വകലാശാലകളുമായുള്ള സഹകരണ സാധ്യതകളും പരിശോധിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' പ്രോഗ്രാമിന്റെ സമാപന ദിനത്തില്‍ നടന്ന ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും കേരളത്തിന് ശക്തമായ അടിത്തറയുണ്ട്. ഈ നേട്ടങ്ങളെ വ്യവസായം, നവീകരണം, ആഗോള അവസരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് 'നോളജ് വാലി ആന്‍ഡ് റിസര്‍ച്ച് പാര്‍ക്ക്' വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. മറ്റൊരു സ്വതന്ത്ര സ്ഥാപനം സൃഷ്ടിക്കുന്നതിനപ്പുറം സാമ്പത്തിക മൂല്യവും യുവപ്രതിഭകള്‍ക്ക് അവസരങ്ങളും സൃഷ്ടിക്കുകയും കേരളത്തിന്റെ 'നോളജ് ഹബ്ബ്' എന്ന പദവി ശക്തിപ്പെടുത്തുകയും ചെയ്യുന്ന മികച്ച വിജ്ഞാന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇതിനകം ലഭ്യമായ വിപുലമായ അറിവും ഗവേഷണ ശേഷിയും പ്രായോഗിക ആപ്ലിക്കേഷനുകളിലേക്കും സാമ്പത്തികവളര്‍ച്ചയ്ക്കുള്ള അവസരങ്ങളിലേക്കും മാറ്റുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഡോ. അശോക് പറഞ്ഞു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും നവീകരണ ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതോടൊപ്പം സംസ്ഥാനത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമായി ഉയര്‍ത്തുകയാണ് 'കേരളം നോളജ് വാലി' പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള ഉന്നത വിദ്യാഭ്യാസ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും അന്താരാഷ്ട്ര സര്‍വകലാശാലകളുമായുള്ള സഹകരണത്തിന് വഴിയൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക കൈമാറ്റം, പ്രോട്ടോടൈപ്പിംഗ്, ഡീപ്-ടെക് വികസനം എന്നിവയ്ക്കായി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്ലാറ്റ് ഫോമായാണ് റിസര്‍ച്ച് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
പരമ്പരാഗത അക്കാദമിക് രീതികള്‍ക്കപ്പുറം പ്രായോഗിക ഉപയോഗങ്ങളുള്ള ഉത്പന്നങ്ങളും സാമ്പത്തിക മൂല്യവും സൃഷ്ടിക്കാന്‍ കഴിയുന്ന ഗവേഷണങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത പ്രധാന ചര്‍ച്ചാവിഷയമായി.
പ്രബന്ധാധിഷ്ഠിത പി.എച്ച്.ഡി പ്രോഗ്രാമുകളില്‍ നിന്ന് മാറി പ്രായോഗിക ആപ്ലിക്കേഷനുകള്‍ക്കും സാമ്പത്തിക മൂല്യത്തിനും പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനാധിഷ്ഠിത ഗവേഷണത്തിലേക്ക് മാറണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവ തമ്മില്‍ ശക്തമായ ബന്ധം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.ആരോഗ്യ മേഖലയിലെ ഗവേഷണഫലങ്ങളെ ഉല്പന്നങ്ങളും വാണിജ്യ സേവനങ്ങളുമാക്കി മാറ്റാന്‍ വ്യാവസായിക-അക്കാദമിക സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
കൂടുതല്‍ വികസനത്തിന് സാധ്യതയുള്ള ഗവേഷണങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍വകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രബന്ധങ്ങള്‍ അവലോകനം ചെയ്യണമെന്നും അക്കാദമിക വിദഗ്ധര്‍ നിര്‍ദേശിച്ചു. സാധ്യതയുള്ള ഗവേഷണങ്ങള്‍ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിക്കുക, വിരമിച്ച പ്രൊഫസര്‍മാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി വിദഗ്ദ്ധ പരിശോധന നടത്തുക തുടങ്ങിയവയും ഗുണകരമാകും.
കേരളത്തിലെ നിലവിലുള്ള സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ , വ്യവസായങ്ങള്‍ മറ്റ് അനുബന്ധ സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നോളജ് വാലി വഴിയൊരുക്കും. കേന്ദ്ര സര്‍ക്കാരിന്റെ 'യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്' പദ്ധതിയുമായുള്ള സംയോജനവും സാധ്യമാകണം. ഗവേഷണാധിഷ്ഠിതങ്ങളായ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വകലാശാലകളെ ഒന്നിപ്പിക്കുന്നതിനും അത്തരം സ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളെ വാണിജ്യവല്‍ക്കരണം, സംരംഭകത്വ വികസനം എന്നിവയിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും അന്താരാഷ്ട്ര തലത്തില്‍ ബന്ധിപ്പിക്കാന്‍ ഗ്ലോബല്‍ വെര്‍ച്വല്‍ ക്ലാസ് റൂം സജ്ജമാക്കല്‍, സംസ്ഥാനത്തിന്റെ നിലവിലെ ഗവേഷണ ശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, വിദഗ്ധ സേവനങ്ങള്‍, ബൗദ്ധിക വിഭവങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി നോളജ് ഓഡിറ്റ്, കോളേജുകളിലെ ഉപയോഗശൂന്യമായ ഇടങ്ങള്‍ നോളജ് വാലിക്കായി പ്രയോജനപ്പെടുത്തല്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഐ.ഐ.ടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക്, ഐ.ഐ.ടി ബോംബെ, സിംഗപ്പൂരിലെ വണ്‍-നോര്‍ത്ത്, ഖത്തര്‍ എഡ്യൂക്കേഷന്‍ സിറ്റി, ഗിഫ്റ്റ് സിറ്റി തുടങ്ങിയ അന്താരാഷ്ട്ര മാതൃകകളെ അടിസ്ഥാനമാക്കി പദ്ധതി രൂപകല്‍പ്പന ചെയ്യണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
കോളേജുകളും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഉപയോഗിക്കാത്ത ഭൂമിയില്‍ പുതിയ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം 'നോളജ് വാലി' ശൃംഖലയുടെ ഭാഗമാക്കണം. ബഹിരാകാശ ഗവേഷണം, കൃഷി, ധാതുവിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളെ നിര്‍ദ്ദിഷ്ട വിജ്ഞാന ശൃംഖലയുമായി സംയോജിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അടുത്ത 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക, വിജ്ഞാനാധിഷ്ഠിതമായ ഒരു സവിശേഷ മാതൃക വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേരളം ഈ സമഗ്ര പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.