അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ശ്രദ്ധേയമായി കേരളം; മിഡില്‍ ഈസ്റ്റ് വിപണിയില്‍ ശക്തമായ സാന്നിധ്യം

Trivandrum / September 18, 2026

തിരുവനന്തപുരം: ദുബായില്‍ നടന്ന ലോകത്തെ പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളകളിലൊന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ (എടിഎം) കേരള ടൂറിസം അവതരണത്തിന് അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രതികരണം. ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥാണ് കേരള പ്രതിനിധി സംഘത്തെ നയിച്ചത്.

കേരളത്തിന്‍റെ സുപ്രധാന വിനോദസഞ്ചാര വിപണികളിലൊന്നായ യുഎഇയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് 2025-ല്‍ 26,255 ആയി ഉയര്‍ന്നിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം യുഎഇയിലെ ട്രാവല്‍ ട്രേഡ് മേഖലയുമായി സഹകരണം ദൃഢമാക്കാനും സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താനും ഈ മേള അവസരമൊരുക്കി.

കേരളത്തിന്‍റെ നൂതനമായ വിനോദസഞ്ചാര പാക്കേജുകള്‍ ആഗോളതലത്തിലും പ്രത്യേകിച്ച് ഗള്‍ഫ് വിപണിയിലും അവതരിപ്പിക്കാന്‍ എടിഎം മികച്ച വേദിയാണെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കേരളവും യുഎഇയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും ആഗോളതലത്തിലെ പുതിയ ട്രെന്‍ഡുകളും അവസരങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ മേളയിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേളയുടെ ഭാഗമായി യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, മാലിദ്വീപ് ടൂറിസം, വ്യോമയാന മന്ത്രി അബ്ദുല്ല നിയാസ് എന്നിവരുമായും മന്ത്രി ചര്‍ച്ചകള്‍ നടത്തി.

സെപ്റ്റംബര്‍ 17-ന് കോണ്‍റാഡ് ദുബായില്‍ സംഘടിപ്പിച്ച കേരള ടൂറിസം ബി2ബി മീറ്റില്‍ കേരള ടൂറിസം സെക്രട്ടറി കെ ബിജു ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികളും എട്ട് ട്രേഡ് പങ്കാളികളും പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇമ്മാദി വിഷ്ണു വര്‍ധന്‍ റെഡ്ഡി, വിസ നടപടികള്‍ സുഗമമാക്കുന്നതിനും കേരളവും യുഎഇയും തമ്മിലുള്ള വിനോദസഞ്ചാര ബന്ധം ശക്തിപ്പെടുത്തുന്നതിനും കോണ്‍സുലേറ്റിന്‍റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ചാന്ദീസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, സിജിഎച്ച് എര്‍ത്ത്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊണ്ടോടി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, സാന്‍റാമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ദി എലിഫന്‍റ് കോര്‍ട്ട്, ഗേറ്റ് വേ മലബാര്‍ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്നുള്ള ട്രേഡ് പങ്കാളികളായി ബി2ബി സംഗമത്തില്‍ അണിനിരന്നത്. ദുബായില്‍ നിന്നുള്ള 60 ട്രാവല്‍ ബയര്‍മാര്‍ പങ്കെടുത്ത ഈ ബിസിനസ് കൂടിക്കാഴ്ച പുതിയ വാണിജ്യ പങ്കാളിത്തങ്ങള്‍ രൂപീകരിക്കാനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും ഏറെ സഹായകമായി.

മേളയില്‍ 69 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ കേരള ടൂറിസത്തിന്‍റെ പവലിയന്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു. 'ഗ്രീന്‍ പീസ് - യല്ല കേരള' എന്ന പ്രമേയത്തില്‍ കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതിഭംഗിയും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് പവലിയന്‍ രൂപകല്‍പ്പന ചെയ്തത്. കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, ദി എലിഫന്‍റ് കോര്‍ട്ട് തേക്കടി, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സാന്താമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഗേറ്റ് വേ മലബാര്‍ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങളും എക്സിബിറ്റേഴ്സായി പങ്കെടുത്തു. സുസ്ഥിര വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ പുതിയ സഹകരണങ്ങള്‍ രൂപപ്പെടുത്തുന്നതിനും എടിഎം 2026 വഴിയൊരുക്കി.

Photo Gallery

+
Content
+
Content