സാമൂഹ്യപ്രതിബദ്ധതയോടെയാകണം ഓരോ സംരംഭകാശയങ്ങളും- സ്പീക്കര്‍
സാമൂഹ്യപ്രതിബദ്ധതയോടെയാകണം ഓരോ സംരംഭകാശയങ്ങളും- സ്പീക്കര്‍
Trivandrum / October 26, 2022
തിരുവനന്തപുരം: ഇന്ന് നാടിന്‍റെ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കണ്ടെത്താനും തടയാനുമുള്ള നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാനത്തെ ആശയദാതാക്കള്‍ ശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നടന്ന ഇന്നോവേറ്റേഴ്സ് പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2.0) രണ്ടാം ലക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനും അധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനു വേണ്ടിയുള്ള നൂതനാശയങ്ങളാണ് കണ്ടെത്തേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്ന് രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ. സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ സംസ്ഥാനം എന്നും മുന്‍പന്തിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ടോപ്പ് പെര്‍ഫോമര്‍ പുരസ്കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാനം അര്‍ഹമായി. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കിയാണ് സംസ്ഥാനം സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാര നേട്ടത്തിലെത്തിയത്.
നിലവില്‍ സര്‍ക്കാറിന് പങ്കാളിത്തമുള്ള 4 വെഞ്ചര്‍ കാപ്പിറ്റല്‍ ഫണ്ടുകളാണുള്ളത്. ഇതില്‍ നിന്നുമായി 1000 കോടിയോളം വരുന്ന കോര്‍പ്പസ് ഫണ്ട് സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ക്ക് ലഭ്യമാണ്. ഈ സ്കീമിലുടെ 75 കോടിയില്‍ അധികം നിക്ഷേപം വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നേടിക്കഴിഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷം മാത്രം കേരള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്ക് 2500ഓളം കോടി രൂപ നിക്ഷേപമായി ലഭിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകാന്‍ വെമ്പി നില്‍ക്കുന്ന യുവതലമുറയാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ഇവിടുത്തെ പ്രതിഭകള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യവും സംരംഭങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടു പോകാനും പഠിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഇന്നോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍ററുകളാണ് (ഐഇഡിസി) ഐപിഎല്‍ 2.0 ല്‍ പങ്കെടുത്തത്. ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കായി മികച്ച ആശയങ്ങളെയും സംരംഭക ചിന്തകളെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഎല്‍ സംഘടിപ്പിക്കുന്നത്. സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള പ്രാരംഭ നടപടിയാണിത്. മറ്റ് ഐഇഡിസികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ഐപിഎല്ലിലൂടെ സാധിക്കും.