സി ബി എൽ ആറാം സീസൺ ആദ്യമത്സരത്തിൽ അരോമ ചുണ്ടന് കന്നിജയം

Alleppey / September 19, 2026

ആലപ്പുഴ: വള്ളംകളി പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം സീസണിന് കരുവാറ്റയിൽ തുടക്കമായി. ആദ്യ ലീഗ് മത്സരത്തിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ മിന്നുന്ന പ്രകടനത്തോടെ ജേതാക്കളായി. ചുണ്ടൻ വള്ളങ്ങളുടെയും വള്ളപ്പുരകളുടെയും സംരക്ഷണത്തിന് ധനസഹായം അനുവദിക്കുന്നത് അടുത്ത ബജറ്റിന്റെ പരിഗണനയിൽ ആണെന്ന് സിബിഎൽ ആറാം സീസൺ ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലീഗ് മത്സരത്തിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്.  സിബിഎല്‍ ഇതു വരെയുള്ള ആറു സീസണില്‍  ഹാട്രിക് ചാമ്പ്യന്‍മാരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടനെ അവസാന ലാപ്പില്‍ തറപറ്റിച്ചാണ് അരോമ ഒന്നാമതെത്തിയത്. നിരണം ബോട്ട് ക്ലബ്ബ്, നിരണം തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതെത്തി.

അരോമ ചുണ്ടന്‍ (3.26.15 മിനിറ്റ്), മേല്‍പ്പാടം (3.26.83 മിനിറ്റ്), നിരണം ചുണ്ടന്‍( 3.27.06 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം. രണ്ടാം സ്ഥാനത്ത് എത്തിയ മേൽപ്പാടം ചുണ്ടൻ ട്രാക്ക് മാറിയെന്ന പരാതി സിബിഎൽ ഭരണ സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തതിനുശേഷം രണ്ടാം സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനമാകൂ എന്ന് സിബിഎൽ ഭരണസമിതി വ്യക്തമാക്കി.

ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ലൈനപ്പായത്. ആദ്യ മൂന്ന് പാദത്തിലും അരോമയും മേല്‍പ്പാടവും ഒപ്പത്തിനൊപ്പമായിരുന്നു. നെട്ടായത്തിന്റെ പകുതിയില്‍ മേല്‍പാടം അല്‍പം മുമ്പിലെത്തിയതുമാണ്. എന്നാല്‍ ചുണ്ടന്‍ വള്ളങ്ങളുടെ കുതിപ്പ് അവസാന ലാപ്പിലായിരുന്നു. അരോമയുടെ തുഴച്ചില്‍ വേഗത്തിനൊപ്പമെത്താന്‍ മേല്‍പ്പാടത്തിനോ നിരണത്തിനോ ആയില്ല. നെഹൃട്രോഫിയില്‍ പുറത്തെടുത്ത മേധാവിത്തം അരോമ നിലനിറുത്തിയെന്നു തന്നെ പറയാം.

കേരളത്തിന്റെ പൈതൃകങ്ങളായ ചുണ്ടൻ വള്ളങ്ങളുടെയും വള്ളപ്പുരകളുടെയും സംരക്ഷണത്തിന് മുൻ ഉമ്മൻചാണ്ടി സർക്കാർ രണ്ടരക്കോടി രൂപ വകയിരുത്തിയിരുന്നു. സമാനമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സമയമായതിനാൽ അടുത്ത ബജറ്റിൽ തുക വകയിരുത്തുന്ന കാര്യം ടൂറിസം മന്ത്രിയുമായി ആലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കരുവാറ്റയെ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ടൂറിസം മന്ത്രി  യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലീഡിങ് ചാനലിന്റെ ആഴം വർദ്ധിപ്പിച്ച് കൂടുതൽ ജലം സംഭരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ചാനലിന്റെ ഇരുവശത്തും സംരക്ഷണഭിത്തികൾ കിട്ടുന്ന പ്രവൃത്തി പൂർത്തിയായി കൊണ്ടിരിക്കുന്നു. വരുംനാളുകളിലും ടൂറിസം കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇവിടെ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

സർക്കാർ സി.ബി.എല്ലിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും, നമ്മുടെ ജലമേളകളെയും ബോട്ട് ക്ലബ്ബുകളെയും പ്രോത്സാഹിപ്പിക്കാൻ സി ബി എൻ പൂർവാധികം ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മുൻപ് ഉപയോഗിച്ചിരുന്ന അപരിചിതമായ പേരുകൾ മാറ്റി, ഇത്തവണ നമ്മുടെ പാരമ്പര്യ ചുണ്ടൻവള്ളങ്ങളുടെ യഥാർത്ഥ പേരുകളിൽ തന്നെയാണ് മത്സരങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ സർവ്വസൈന്യാധിപനായ രമേശ് ചെന്നിത്തലയോടുള്ള ബഹുമാനവും ആദരവും മുൻനിർത്തിയാണ് ടൂറിസം വകുപ്പ് സി.ബി.എല്ലിന്റെ ഈ വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം ഹരിപ്പാട് കരുവാറ്റയിൽ സംഘടിപ്പിച്ചത്. വരുംവർഷങ്ങളിൽ ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിലേക്ക് പൂർണ്ണമായി ഉയർത്തിക്കൊണ്ട് ചാമ്പ്യൻസ് ബോട്ട് ലീഗിനെ കൂടുതൽ ആകർഷകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.

എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ സുബൈര്‍കുട്ടി പിഐ റിപ്പോർട്ട് അവതരിപ്പിച്ചു.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു, ജില്ലാ പഞ്ചായത്തംഗം അനില രാജു തുടങ്ങി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

കരുവാറ്റയിലെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇവയാണ്. അരോമ ചുണ്ടൻ-ഒന്ന് (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം), മേൽപ്പാടം ചുണ്ടൻ- രണ്ട് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), നിരണം ചുണ്ടൻ- മൂന്ന് (നിരണം ബോട്ട് ക്ലബ്ബ്, നിരണം),  വീയപുരം ചുണ്ടൻ- നാല് (യുബിസി കൈനകരി എഫ് സി), ആർപ്പൂക്കര ചുണ്ടൻ- അഞ്ച് (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം), ചെറുതന ചുണ്ടൻ- ആറ് (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) പുണ്യാളൻ നിരണം- ഏഴ് (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം), നടുഭാഗം ചുണ്ടൻ- എട്ട് (പി.ബി.സി. പുന്നമട, എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്), തലവടി ചുണ്ടൻ- ഒമ്പത്  (വില്ലേജ് ബോട്ട് ക്ലബ്ബ്) എന്നീ ഒൻപത് വള്ളങ്ങളാണ് അണിനിരക്കുന്നത്.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ കൊല്ലം കല്ലട (സെപ്റ്റംബർ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബർ 26), തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 4), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും.

നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

 

Photo Gallery

+
Content
+
Content
+
Content