പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം; നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

Trivandrum / August 28, 2026

തിരുവനന്തപുരം: പാര്‍ക്കിന്‍സണ്‍സ്, എ.എല്‍.എസ് (അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ്) തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ജൈവ സൂചകങ്ങളെ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന നാനോപോര്‍ സെന്‍സിങ് സാങ്കേതികവിദ്യ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സില്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആര്‍.ജി.സി.ബി) ഗവേഷകര്‍ വികസിപ്പിച്ചു.

രോഗലക്ഷണങ്ങള്‍ പ്രാരംഭത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്ന ജൈവ സൂചകങ്ങളാണ് ബയോമാര്‍ക്കറുകള്‍. സൂക്ഷ്മമായ പൊള്ളയായ ഘടനകളാണ് നാനോപോറുകള്‍. രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുന്നതിന് പരമ്പരാഗത രീതികള്‍ ഉപയോഗിക്കുമ്പോള്‍ ജൈവ സൂചകങ്ങളുടെ അളവ് ശരീരത്തില്‍ വളരെ കുറവായിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി ഉയര്‍ന്ന കൃത്യതയോടെ ബയോമാര്‍ക്കറുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന 'സെല്‍ഫ് അസംബ്ലിംഗ് ഡ്യുവല്‍-ഡയമീറ്റര്‍' നാനോപോര്‍ സെന്‍സറുകളാണ് ആര്‍.ജി.സി.ബി ഗവേഷക സംഘം രൂപകല്‍പ്പന ചെയ്തത്.

ഡോ. മഹേന്ദ്രന്‍ കെ.ആറിന്‍റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ പിഎച്ച്.ഡി വിദ്യാര്‍ത്ഥി വര്‍ഷ ഷാജി, പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ. നീതു പുതുമഠത്തില്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചര്‍ നാനോടെക്നോളജി'യില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തല്‍ നാനോ സയന്‍സിലും ബയോമോളിക്യുലാര്‍ സെന്‍സിങ്ങിലും വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. വിവിധ വലുപ്പത്തിലുള്ള സുഷിരങ്ങള്‍ രൂപപ്പെടുത്തുന്ന തരത്തില്‍ ഹ്രസ്വ പെപ്റ്റൈഡുകള്‍ നിര്‍മ്മിച്ചാണ് വ്യത്യസ്ത ആകൃതിയിലും അളവിലുമുള്ള തന്മാത്രകളെ കണ്ടെത്താനുള്ള വേദിയൊരുക്കിയത്. സങ്കീര്‍ണ്ണമായ പ്രോട്ടീന്‍ മിശ്രിതങ്ങളില്‍ വളരെ നേര്‍ത്ത അളവില്‍ കാണപ്പെടുമ്പോള്‍ പോലും രോഗബാധിതവും അല്ലാത്തതുമായ ബയോമാര്‍ക്കറുകളെ വേര്‍തിരിച്ചറിയാന്‍ ഈ സെന്‍സറുകള്‍ക്ക് കഴിയും.

രക്തം ഉള്‍പ്പെടെയുള്ള ശരീരദ്രവങ്ങളില്‍ നിന്ന് കാന്‍സര്‍ അടക്കമുള്ള വിവിധ രോഗങ്ങളുടെ സൂചകങ്ങളെ നേരിട്ട് കണ്ടെത്താന്‍ കഴിയുന്ന പോയിന്‍റ്-ഓഫ്-കെയര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഭാവിയില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ. ഡേവിഡ് ബേക്കര്‍ തുടക്കമിട്ട കമ്പ്യൂട്ടേഷണല്‍ നാനോപോര്‍ രൂപകല്‍പ്പനയില്‍ നിന്ന് വ്യത്യസ്തമാണ് പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ നാനോപോര്‍ ഘടന. പ്രകൃതിദത്ത രീതികളെ കമ്പ്യൂട്ടേഷണല്‍ ഡിസൈനുമായി സംയോജിപ്പിക്കുന്നത് ഭാവിയില്‍ കൂടുതല്‍ കൃത്യതയുള്ള സെന്‍സറുകള്‍ വികസിപ്പിക്കാന്‍ വഴിയൊരുക്കും.

പാര്‍ക്കിന്‍സണ്‍സ്, എ.എല്‍.എസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് അവ നേരത്തെയും കൃത്യതയോടെയും കണ്ടെത്തുക എന്നത് പ്രധാന വെല്ലുവിളിയാണെന്ന് ബ്രിക്-ആര്‍.ജി.സി.ബി ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു. ആരോഗ്യമേഖലയിലെ വിവിധ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നാനോ ടെക്നോളജിയുടെയും ബയോടെക്നോളജിയുടെയും മുന്നേറ്റങ്ങള്‍ എങ്ങനെ ഒത്തുചേരുന്നു എന്നതിന്‍റെ തെളിവാണ് ഈ നാനോപോര്‍ സെന്‍സര്‍ പ്ലാറ്റ് ഫോമെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയിലെ കണ്‍സ്ട്രക്ടര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഉള്‍റിച്ച് ക്ലീന്‍കത്തോഫറിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായും, കൊല്‍ക്കത്തയിലെ സി.എസ്.ഐ.ആര്‍ - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ഡോ. കൃഷ്ണാനന്ദ ചതോപാധ്യായയുടെ സംഘവുമായും സഹകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവയുടെ ധനസഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
 

Photo Gallery

+
Content