ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം

Trivandrum / August 30, 2026

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നില്‍ ഒരുക്കിയ വേദിയില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടൂറിസം, സാംസ്കാരിക മന്ത്രി  പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരന്‍, ഗതാഗത മന്ത്രി സി.പി ജോണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, തൊഴില്‍, മൃഗസംരക്ഷണം, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മേയര്‍ വി.വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

ചലച്ചിത്ര താരം ആസിഫ് അലിയുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പാളയത്തെ വിഐപി പവലിയനില്‍ എത്തിയ താരം അവിടെയെത്തിയ ആരാധകരുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ലോക്ഭവനില്‍ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിച്ചു. നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര കാണാന്‍ ഇരുവശങ്ങളിലും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.

സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ അനുഭവവേദിയെന്ന നിലയിലേക്ക് കേരള ടൂറിസം മാറുന്നതിന്‍റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഘോഷയാത്രയ്ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്കും ജെന്‍ സി തലമുറയ്ക്കുമുള്ള പ്രാധാന്യവും സഞ്ചാരികള്‍ക്ക് കേരളം അനുഭവവേദ്യമാക്കുന്നതിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളും ഫ്ളോട്ടുകളില്‍ പ്രതിഫലിച്ചു.

സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്‍റെ കരുതലും പ്രകൃതിയുടെ സംരക്ഷണവും വിളിച്ചോതിയുളള കേരള ടൂറിസത്തിന്‍റെ ഫ്ളോട്ടിന് ഘോഷയാത്രയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കേരളത്തിന്‍റെ പാരമ്പര്യവും, ശുചിത്വം എങ്ങനെയാണ് കരുതലാകുന്നതെന്നും മനോഹരമായ ദൃശ്യാവിഷ്കാരത്തിലുടെ ഫ്ളോട്ട് അവതരിപ്പിച്ചു. പച്ചപ്പും ജൈവവൈവിധ്യവും നിറഞ്ഞ കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശവും ഫ്ളോട്ടിലുണ്ടായിരുന്നു.

'സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്‍റെ കരുതലും പ്രകൃതിയുടെ സംരക്ഷണം കേരള ടൂറിസം പുതുയുഗത്തിലേക്ക്' എന്നതായിരുന്നു കേരള ടൂറിസത്തിന്‍റെ ഫ്ളോട്ടിന്‍റെ പ്രമേയം. സ്ത്രീകള്‍ സമൂഹത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും ടൂറിസം മേഖലയുടെയും വളര്‍ച്ചയില്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഫ്ളോട്ട് ഉയര്‍ത്തിക്കാട്ടി.

കേരളത്തിന്‍റെ ജലസമ്പത്തും ഗ്രാമീണ ജീവിതവും പ്രകൃതിയോട് ഇണങ്ങിയ ടൂറിസം സങ്കല്‍പ്പവും ഫ്ളോട്ടില്‍ ഉള്‍ക്കൊള്ളിച്ച വള്ളത്തിലൂടെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും മുന്നേറുന്ന യാത്രയുടെ പ്രതീകമായാണ് വള്ളത്തെ അവതരിപ്പിച്ചത്. സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയും പരിസ്ഥിതിയെ കാത്തുസൂക്ഷിച്ചും പ്രാദേശിക ജീവിതത്തെയും പ്രകൃതിയെയും ചേര്‍ത്തുനിര്‍ത്തിയുമുള്ള കേരള ടൂറിസത്തിന്‍റെ മാതൃകയാണ് ഫ്ളോട്ട് മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിന്‍റെ ഗ്രാമീണ ജീവിതവും പൈതൃകവും പരമ്പരാഗത തൊഴിലുകളും ലോകത്തിന് പരിചയപ്പെടുത്തിയുള്ള കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ (ആര്‍ ടി മിഷന്‍) ഫ്ളോട്ടും കാണികളുടെ മനം കവര്‍ന്നു. ആര്‍ ടി മിഷന്‍ അവതരിപ്പിച്ച 'കം ആന്‍ഡ് എക്സ്പീരിയന്‍സ് കേരളം വില്ലേജസ്' എന്ന ഫ്ളോട്ട് ആവേശത്തോടെയാണ് നഗരവീഥികളില്‍ കാത്തുനിന്ന കാണികള്‍ സ്വീകരിച്ചത്.

കേരളീയ വാസ്തുവിദ്യയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വീടിന്‍റെ മാതൃകയിലാണ് ഫ്ളോട്ട് ഒരുക്കിയത്. വീടിനുള്ളില്‍ രണ്ട് പരമ്പരാഗത നെയ്ത്തുകാര്‍ തത്സമയം ജോലികള്‍ ചെയ്യുന്നത് അവതരിപ്പിച്ചതാണ് ഫ്ളോട്ടിനെ ഏറ്റവുമധികം ആകര്‍ഷണീയമാക്കിയത്.

കേരളത്തിന്‍റെ ഗ്രാമങ്ങളാണ് സംസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ സാംസ്കാരിക സമ്പത്ത്. ആധുനിക ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് മാറി ഗ്രാമീണ തനിമയും ജീവിത രീതികളും അടുത്തറിയാന്‍ കാണികള്‍ക്ക് അവസരമൊരുക്കിയതിനൊപ്പം പരമ്പരാഗത തൊഴിലുകള്‍ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും എടുത്തുകാണിക്കുന്നതായിരുന്നു ഫ്ളോട്ട്.

ജമ്മു കാശ്മീര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനത് കലാരൂപങ്ങള്‍ ഘോഷയാത്രയുടെ പൊലിമയ്ക്ക് മാറ്റുകൂട്ടി. ചെണ്ടമേളം, പുലികളി, കഥകളി രൂപം, മാവേലി രഥം, വനിത ശിങ്കാരി മേളം, വേലകളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം, കരടി കളി, ചിത്രശലഭം ഡാന്‍ഡ്, കളരി, വനിതാ കോല്‍ക്കളി, നാഗനൃത്തം, നെറ്റിപ്പട്ട വെഞ്ചാമര ഡാന്‍ഡ്, കൈ കൊട്ടിക്കളി, കുരുത്തോല തെയ്യം, മയൂര നൃത്തം, പള്ളിവാള്‍, കോത മൂരിയാട്ടം തുടങ്ങി വൈവിധ്യപൂര്‍വ്വമായ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

കേരളത്തിന്‍റെ  വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇന്‍സ്റ്റലേഷനുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും വന്‍ വിജയമായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരന്‍മാരാണ് അണിനിരന്നത്. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളില്‍ 8,000 ത്തിലേറെ കലാകാരന്‍മാര്‍ പങ്കെടുത്തു.

പടയണി, തെയ്യം, മുടിയേറ്റ്, തോല്‍പാവക്കൂത്ത്, അര്‍ജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉള്‍പ്പെടെ കൂടുതല്‍ വേദികള്‍ ആഘോഷത്തിനായി ഒരുക്കിയിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകളും കനകക്കുന്നില്‍ ഒരുക്കിയ വ്യാപാര മേളയും പ്രദര്‍ശനവും ഓണാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി.

Photo Gallery

+
Content
+
Content
+
Content
+
Content