ഓണം വിപണിയ്ക്കൊരുങ്ങി മില്‍മ എറണാകുളം മേഖലാ യൂണിയന്‍

Kochi / August 21, 2026

കൊച്ചി: വിശ്വസിച്ച് കഴിക്കാവുന്ന ഗുണമേന്മയുള്ള പാലും പാലുല്‍പ്പന്നങ്ങളും ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി   മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിപുലമായ ഒരുക്കങ്ങൾ നടത്തി. അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി സാധാരണ വരുന്നതിന്‍റെ മുന്നിരട്ടി ആവശ്യകത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.

പാലും , നെയ്യും , ഇതര പാലുല്‍പ്പന്നങ്ങളും കൂടാതെ ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ, 65 ഇനം എസ്ക്രീമുകൾ, 5 ഇനം പേഡ, വിവിധയിനം പനീർ , പാലട തുടങ്ങിയവ ഉള്‍പ്പെടയുള്ള 160 ഓളം ഉല്‍പ്പങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഡയറികളില്‍ നിന്ന് പാലും , തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍ നിന്നും പാലുല്‍പ്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനും , പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്‍പന കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയന്‍ ഒരുക്കിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് മായം കലര്‍ന്ന ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റം തടയുന്നതിനും, പരമാവധി വിറ്റുവരും, ലാഭവും, നേടിയെടുത്ത് അത് വഴി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് എറണാകുളം മേഖലായൂണിയൻ മുന്നോട്ട് പോകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും, ജനങ്ങളുടെയും പിന്തുണ മിൽമയ്ക്ക് ഉണ്ടാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

ഉത്രാടത്തിന് 12 ലക്ഷത്തോളം ലിറ്റര്‍ പാലും, 11,16,000 കിലോ തൈരും, 200 ടണ്‍ നെയ്യിന്‍റെ വില്‍പ്പനയുമാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

 

 

 

Photo Gallery