സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ച് ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി
Trivandrum / August 24, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്‍റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുകയാണ് സര്‍ക്കരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പെട്ടെന്ന് എത്താവുന്ന രീതിയില്‍ സംസ്ഥാനത്തെ റോഡ്-റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. ഒരു വിനോദസഞ്ചാരി കേരളത്തില്‍ വന്നാല്‍ മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ കേരളത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കണം.

ലോകത്തിനു മുന്നില്‍ കേരള ടൂറിസത്തെ പ്രദര്‍ശിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ സീറോ വേസ്റ്റ് ആയി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് അതില്‍ പ്രധാനം. ബീച്ച് ടൂറിസത്തിനും റിവര്‍ ടൂറിസത്തിനും ഫോറസ്റ്റ് ടൂറിസത്തിനും പ്രാധാന്യം നല്‍കും. കേരളത്തിന്‍റെ മാരിടൈം ചരിത്രത്തെ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.

ലോകത്തിന്‍റെ മുഴുവന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ പാരമ്പര്യത്തെയും പ്രകൃതിയെയും പ്രത്യേകതകളെയും തനത് കലകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സമഗ്രമായ ടൂറിസം പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 30 വരെയാണ് ഓണം വാരാഘോഷം. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടും.


ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആലപിച്ച "പൂവാലേ തുമ്പപ്പൂവാലേ" എന്ന ഓണപ്പാട്ടിന്‍റെ വീഡിയോ അവതരണത്തോടെയാണ് ഓണം വാരാഘോഷം ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.

കേരളത്തിന്‍റെ മനോഹരമായ സാംസ്കാരിക മുഖം ലോകത്തിനു മുന്നില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനാണ്  ടൂറിസം വകുപ്പ് ഓണത്തിന്‍റെ വേളയെ വിനിയോഗിക്കുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഓണം എല്ലാവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണ്. ഓണം ഒരു ആഘോഷമെന്നതിലുപരി മലയാളിയുടെ ജീവിതത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള വലിയ അവസരം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ഓണാഘോഷം തലസ്ഥാന നഗരത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഓണത്തിന് മുമ്പുതന്നെ തലസ്ഥാന നഗരം ആഘോഷത്തിന്‍റെ അന്തരീക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി മത വര്‍ഗ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ എല്ലാ മലയാളികളും ആഘോഷിക്കുന്ന ഉത്സവമായ ഓണം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വ സങ്കല്‍പവുമായി പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് വിശിഷ്ടാതിഥിയായ നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡോ. ശശി തരൂര്‍ എംപി, മേയര്‍ വി.വി രാജേഷ്, എംഎല്‍എമാരായ ജി.ആര്‍ അനില്‍, എന്‍.ശക്തന്‍, എം.വിന്‍സെന്‍റ്, രമ്യ ഹരിദാസ്, ജി.സ്റ്റീഫന്‍, സുധീര്‍ഷാ പാലോട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.പ്രിയദര്‍ശിനി, കൗണ്‍സിലര്‍ കെ.ആര്‍ ക്ലീറ്റസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിംഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എം.അഞ്ജന, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും അരങ്ങേറി.

കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരന്‍മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്‍മാര്‍ പങ്കാളികളാകും.

കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാള്‍, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ഈ വേദികളില്‍ സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിക്കും. തലസ്ഥാന നഗരത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രധാന വേദിയായ നിശാഗന്ധിയില്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7 മണി വരെ മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും.

ഓണാഘോഷത്തിനു മാറ്റുകൂട്ടാന്‍ നഗരത്തില്‍ കവടിയാര്‍, അട്ടക്കുളങ്ങര, ശാസ്തമംഗലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയര്‍, ഭക്ഷ്യമേള എന്നിവയും ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് ആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചടങ്ങില്‍ സംബന്ധിക്കും.

ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും.

Photo Gallery

+
Content
+
Content
+
Content