ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'

Trivandrum / August 25, 2026

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിട്ടുള്ള 'ഫ്യൂച്ചര്‍ സോണ്‍' സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. പ്രാദേശിക പ്രതിഭകള്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക ആശയങ്ങളും നിര്‍മ്മിത ബുദ്ധി (എഐ) അധിഷ്ഠിത ഓണക്കൂട്ടായ്മ ഗെയിമുകളുമാണ് ഇവിടെ പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എഐ, റോബോട്ടിക്സ്, മറ്റ് സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ നേരിട്ട് അനുഭവിച്ചറിയാനുള്ള വേദി കൂടിയാണിതെന്ന് ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ഡ്രോണ്‍ സാങ്കേതികവിദ്യ, ഇന്‍ററാക്ടീവ് ഗെയിമുകള്‍, ഭാവികാല ആപ്പ് ആശയങ്ങള്‍ എന്നിവ ഫ്യൂച്ചര്‍ സോണിലെ വിവിധ സ്റ്റാളുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത കഴിവുകളും അഭിരുചികളും വിപണനം ചെയ്യാനും മികച്ച പ്രൊഫൈല്‍ നിര്‍മ്മിക്കാനും സഹായിക്കുന്ന 'ബസ്ലര്‍' (Bustler) എന്ന ആപ്പാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സാജിദ് സാജിയും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ഈ പ്ലാറ്റ്‌ഫോമില്‍ ഇതിനോടകം മെഹന്ദി ഡിസൈനര്‍മാര്‍, ലോഗോ ഡിസൈനര്‍മാര്‍, ബേക്കര്‍മാര്‍, അധ്യാപകര്‍, സംഗീതജ്ഞര്‍ തുടങ്ങി ആയിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ  അഭിരുചികള്‍ വഴി വരുമാനം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ കര്‍ശനമായ എഐ നിരീക്ഷണ സംവിധാനവും ഈ ആപ്പിലുണ്ട്.

അജു എഡ് സൊല്യൂഷന്‍സ് (AJU ED Solutions), വണ്‍ വൈബ് (One Vibe) എന്നീ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ള ഓണം പ്രമേയമാക്കിയുള്ള ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്ന 'വാമനന്‍ വേഴ്സസ് മാവേലി' റോബോട്ടിക് ഫുട്ബോള്‍ മത്സരവും മൈക്രോഫോണിലൂടെ ശബ്ദമുണ്ടാക്കി ഡിജിറ്റല്‍ മാവേലിയെ ഉണര്‍ത്തുന്ന കളിയുമാണ് അജു എഡ് സൊല്യൂഷന്‍സ് സ്റ്റാളിലുള്ളത്.

വണ്‍ വൈബ് ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ ആര്‍ക്കേഡ് ഗെയിമുകള്‍ക്ക് സമാനമായ ഡിജിറ്റല്‍ വള്ളംകളിയും ചാക്കിലോട്ടവും സൗജന്യമായി കളിക്കാന്‍ അവസരമുണ്ട്.
ചുവരെഴുത്തുകള്‍ കൃത്യതയോടും വേഗത്തോടും കൂടി നിര്‍വഹിക്കാന്‍ തെവനോവ ടെക്ട്രേഡ് വികസിപ്പിച്ചെടുത്ത 'ചുവര്‍ബോട്ട്' (Chuvarbot) എന്ന റോബോട്ടും ഫ്യൂച്ചര്‍ സോണില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, 2024-ലെ വയനാട് ഉരുള്‍പൊട്ടല്‍, മലമ്പുഴ ബാബുവിന്‍റെ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ പങ്കാളികളായ 'ഡ്രോണിമാജിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' ഒരുക്കിയ സ്റ്റാള്‍ ഡ്രോണ്‍ സാങ്കേതികവിദ്യ, ജിയോസ്പേഷ്യല്‍ ഇന്‍റലിജന്‍സ്, ഡ്രോണ്‍-ജിഐഎസ് മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.

കേരളത്തിന്‍റെ തനത്, നാടോടി, ശാസ്ത്രീയ കലാരൂപങ്ങളുടെ ചാരുത വിളിച്ചോതുന്ന ആഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 വരെ നീണ്ടുനില്‍ക്കും.

 

Photo Gallery

+
Content
+
Content
+
Content