സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്

Trivandrum / August 13, 2026

തിരുവനന്തപുരം: പ്രമുഖ എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിന്‍ സംഘടിപ്പിക്കുന്ന 'സാഫിന്‍ റൈസ്-2026' കമ്മ്യൂണിറ്റി റണ്ണിന്‍റെ രണ്ടാം പതിപ്പിന് ടെക്നോപാര്‍ക്ക് വേദിയാകും.

ടെക്നോപാര്‍ക്ക് ഫേസ് 3 ല്‍ ഓഗസ്റ്റ് 16 ന് നടക്കുന്ന പരിപാടി രാവിലെ 6 ന് ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ളാഗ് ഓഫ് ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും ആദരിക്കലും വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ വിജയന്‍ നിര്‍വഹിക്കും.

'നല്ല നാളേയ്ക്കായി എഐ: ആരോഗ്യപൂര്‍ണമായ ഭാവിയിലേക്ക്' എന്നതാണ് പരിപാടിയുടെ പ്രമേയം. സാങ്കേതികവിദ്യ, ക്ഷേമം, സമൂഹം എന്നിവയെ സഫിന്‍ റൈസ് 2026 ഒരുമിച്ച് കൊണ്ടുവരും. ഇത്തവണത്തേത് 'സാഫിന്‍ റൈസിന്‍റെ' രണ്ടാം പതിപ്പാണ്.

എന്‍ഡ്യൂറന്‍സ് റണ്‍ (10 കിലോമീറ്റര്‍), ചലഞ്ച് റണ്‍ (5 കിലോമീറ്റര്‍), ഫാമിലി ഫണ്‍ റണ്‍ (2 കിലോമീറ്റര്‍) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, തുടക്കക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കാളികളാകാം.

ടെക്നോപാര്‍ക്ക് കാമ്പസ്, കഴക്കൂട്ടം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെയാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. ഓട്ടത്തിലുടനീളം എനര്‍ജി സോണുകള്‍, ഹൈഡ്രേഷന്‍ പോയിന്‍റുകള്‍, സംഗീതം, ചിയറിംഗ് സോണുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

 കമ്പനിയുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ പ്രതിബദ്ധതയുടെ ഭാഗമായാണ് സാഫിന്‍ റൈസ് സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാങ്കേതിക ആവാസവ്യവസ്ഥയെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാന്‍  ഇതിലൂടെ ലക്ഷ്യമിടുന്നു.

കാനഡയിലെ ടൊറന്‍റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഫിന്‍, നിയന്ത്രിത സ്ഥാപനങ്ങള്‍ക്കായുള്ള ഒരു എഐ പ്ലാറ്റ് ഫോം കമ്പനിയാണ്.  20 വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുള്ള സാഫിന്‍ സാങ്കേതിക വിദ്യയിലൂടെ കൃത്യതയാര്‍ന്ന തീരുമാനങ്ങളെടുക്കാനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനും കമ്പനികളെ സഹായിക്കുന്നു.

ഏജന്‍റിക് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍ഡ്-ടു-എന്‍ഡ് ഏജന്‍റ് ഓര്‍ക്കസ്ട്രേഷന്‍ പ്ലാറ്റ് ഫോമായ സാഫിന്‍ എഐഒഎസ്, ഉല്‍പ്പന്നം, വിലനിര്‍ണ്ണയം, ഓഫറുകള്‍, ബില്ലിംഗ് തുടങ്ങിയവയ്ക്കായുള്ള എഐ അധിഷ്ഠിത ബാങ്കിംഗ്  പ്ലാറ്റ് ഫോമായ സാഫിന്‍ ബാങ്കിംഗ് , ഡാറ്റ, ഇവന്‍റുകള്‍, സേവനങ്ങള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ് ഫോമായ സാഫിന്‍ ഐഒ എന്നിവ സാഫിന്‍റെ പ്രധാന പ്ലാറ്റ് ഫോമുകളാണ്.

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും ചെന്നൈയിലും സാഫിന്‍റെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) പ്രവര്‍ത്തിക്കുന്നു.  ആഗോളതലത്തിലുള്ള കമ്പനിയുടെ വളര്‍ച്ചയ്ക്കും, സാങ്കേതികവിദ്യ, ഉപഭോക്താക്കള്‍ എന്നിവയ്ക്കും വലിയ സംഭാവന നല്‍കാന്‍ ജിസിസികള്‍ സഹായകമാണ്.

 

Photo Gallery