ആരോഗ്യഡാറ്റയും എഐയും സംയോജിപ്പിച്ച് ചെലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്തണം : ഡോ. സമീര്‍ കെ. ബ്രഹ്മചാരി

Trivandrum / August 16, 2026

തിരുവനന്തപുരം:  ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, സംരംഭകത്വം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യ വലിയൊരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ഡി എസ് ഐ ആര്‍ മുന്‍ സെക്രട്ടറിയും സി എസ് ഐ ആര്‍ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. സമീര്‍ കെ. ബ്രഹ്മചാരി പറഞ്ഞു.


തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ക്ലസ്റ്ററിന്‍റെ സഹകരണത്തോടെ ബ്രിക് - രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി സംഘടിപ്പിച്ച 'സയന്‍സ് 4.0: എഐ അടിസ്ഥാനമാക്കിയുള്ള ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യം എല്ലാവര്‍ക്കും' എന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ലഭ്യമായ ആരോഗ്യ-ജീനോമിക് ഡാറ്റാബേസുകളും നിര്‍മ്മിതബുദ്ധിയും യുവ ഗവേഷകരുടെ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയ വൈദഗ്ധ്യവും വ്യവസായ മേഖലയും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് കോവിഡ്-19 പ്രതിരോധത്തിലൂടെ ഇന്ത്യ തെളിയിച്ചതാണെന്ന്  ഡോ. സമീര്‍ കെ. ബ്രഹ്മചാരി ചൂണ്ടിക്കാട്ടി.

നിര്‍മ്മിത ബുദ്ധിയുടേയും കൂട്ടായ ഗവേഷണങ്ങളുടെയും ബലത്തില്‍ ശാസ്ത്ര ഗവേഷണ മേഖല 'സയന്‍സ് 4.0' എന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആല്‍ഫാഫോള്‍ഡ് , ചാറ്റ് ജിപിറ്റി , ജെമിനി തുടങ്ങിയ എ ഐ ടൂളുകള്‍ ഗവേഷണ സംഘങ്ങളുടെ ഭാഗമാകുന്നു എന്നതാണ് 'സയന്‍സ് 4.0' ന്‍റെ പ്രത്യേകത.

വ്യത്യസ്ത ശാസ്ത്രശാഖകള്‍ക്കിടയിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കേണ്ടതുണ്ടെന്നും സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ മേഖലകളിലെ വൈദഗ്ധ്യം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ശാസ്ത്ര സ്ഥാപനങ്ങള്‍ ജനറേഷന്‍ സി, ജനറേഷന്‍ ആല്‍ഫ തലമുറകളെ ഗവേഷണത്തിലേക്കും സംരംഭകത്വത്തിലേക്കും നവീകരണങ്ങളിലേക്കും പ്രോത്സാഹിപ്പിക്കണം. പരിമിതികള്‍ ഒരിക്കലും തടസ്സമല്ലെന്നും മറിച്ച് പ്രതിസന്ധികളാണ് സര്‍ഗ്ഗാത്മകമായ പരിഹാരങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിവിധ സ്ഥാപനങ്ങളില്‍ ചിതറിക്കിടക്കുന്ന ജീനോമിക്, പ്രോട്ടിയോമിക്, ക്ലിനിക്കല്‍ ഡാറ്റകളെ ഒരൊറ്റ പ്ലാറ്റ് ഫോമില്‍ കൊണ്ടുവരാനാകണം. രോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തല്‍, പുതിയ മരുന്നുകളുടെ നിര്‍മ്മാണം,  മരുന്നിന്‍റെ പുനരുപയോഗം, പാര്‍ശ്വഫലങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കല്‍ എന്നിവയ്ക്ക് എഐ അത്യന്താപേക്ഷിതമാണ്.

വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കുറവുള്ള ഗ്രാമീണ മേഖലകളിലേക്ക് വിദഗ്ധ ചികിത്സാ എത്തിക്കാന്‍  എഐ സിസ്റ്റം വികസിപ്പിക്കണം. ആയുര്‍വേദത്തിലെ പരമ്പരാഗത അറിവുകളെ തെളിവധിഷ്ഠിത ശാസ്ത്രവുമായി സംയോജിപ്പിച്ച് വ്യക്തിഗത ചികിത്സകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ കേന്ദ്രീകൃത എഐ സംവിധാനം രൂപീകരിക്കണം. മികച്ച ശാസ്ത്ര-ആരോഗ്യ പശ്ചാത്തലമുള്ള കേരളത്തിന് ഈ മാതൃക നടപ്പിലാക്കാന്‍ അനുയോജ്യമായ അന്തരീക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണ സ്ഥാപനങ്ങളെയും മൈക്രോബയോളജി വിദ്യാര്‍ത്ഥികളെയും ഏകോപിപ്പിച്ച് സംസ്ഥാനതലത്തില്‍ ഡ്രഗ് റെസിസ്റ്റന്‍സ് നിരീക്ഷിക്കുന്ന മാപ്പ് തയ്യാറാക്കാന്‍ സാധിക്കും. തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുള്ള ഗവേഷണ വൈദഗ്ധ്യം എളുപ്പത്തില്‍ കണ്ടെത്തുന്നതിനും പരസ്പര സഹകരണത്തിനും സഹായിക്കുന്ന ഒരു വെര്‍ച്വല്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാനുമാകും.

ഹരിത വിപ്ലവം, ഐടി, ബഹിരാകാശ സാങ്കേതികവിദ്യ, കൊവിഡ് വാക്സിന്‍ വിതരണം എന്നിവയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങള്‍ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങള്‍ക്ക് ഉദാഹരണമാണ്. ചെറുപ്പക്കാരായ ശാസ്ത്രജ്ഞര്‍ പുതിയ ചിന്തകളിലൂടെ വലിയ ലക്ഷ്യങ്ങളിലേക്ക് ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന ആശയമാണ്  ഡോ. സമീര്‍ കെ. ബ്രഹ്മചാരിയുടെ പ്രവര്‍ത്തനങ്ങളിലൂടനീളം പ്രതിഫലിക്കുന്നതെന്ന് ബ്രിക്- ആര്‍ജിസിബി ഡയറക്ടര്‍ ബീന പിള്ള സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

Photo Gallery

+
Content