ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി

Trivandrum / August 16, 2026

തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കുന്ന ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറോളം പേര്‍ റാലിയില്‍ പങ്കെടുത്തു.

ഓണം വാരാഘോഷത്തിന്‍റെ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ബൈജു എംഎല്‍എ രാവിലെ ഏഴിന് മാനവീയം വീഥിയില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മ്യൂസിയം, പാളയം, സ്റ്റാച്യു ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയ റാലി കിഴക്കോക്കോട്ട ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. വഴിയരികില്‍ നിന്നവര്‍ ആവേശപൂര്‍വ്വമാണ് റാലിയെ വരവേറ്റത്.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് എംആര്‍ ബൈജു പറഞ്ഞു. ഓഗസ്റ്റ് 21,22,23 തീയതികളില്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്ളാഗ് മാര്‍ച്ചുകള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പാളയം കൗണ്‍സിലര്‍ ഷേര്‍ലി എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ ജി എന്നിവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാന്‍ഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇന്‍ഡസ് സൈക്ലിംഗ് എംബസി എന്നിവിടങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത നൂറോളം പേരാണ് റാലിയില്‍ അണിനിരന്നത്.

കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെടിഡിസി), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), നശാ മുക്ത് ഭാരത് അഭിയാന്‍, ഫിറ്റ് ഇന്ത്യ, ഷീ സൈക്ലിംഗ് എന്നിവയുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്.

കേരള ടൂറിസം വകുപ്പിന്‍റെ 'ഓണം ടൂറിസം വാരാഘോഷം' ഓഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും.

 

Photo Gallery

+
Content
+
Content