കെഎസ് യുഎം ഓണ്‍ലൈന്‍ എക്സ്പോ: ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബിസിനസ് നേടി സ്റ്റാര്‍ട്ടപ്പുകള്‍

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള ബാങ്കില്‍നിന്നും കെഎസ്എഫ്ഇയില്‍ നിന്നും ക്ഷണം
Trivandrum / October 22, 2022

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) 'ബിഗ് ഡെമോ ഡേ' എട്ടാം പതിപ്പിന്‍റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ എക്സിബിഷനില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങളിലും സൊല്യൂഷനുകളിലും താത്പര്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ ബാങ്കുകളും. കേരള ബാങ്കും കെഎസ്എഫ്ഇയും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ ഉല്‍പ്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ചു. 


കേരള ഗ്രാമീണ്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക്, യെസ് ബാങ്ക്, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും എക്സ്പോയിലെ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. ചിരാതെ വെഞ്ചേഴ്സ്, യൂണികോണ്‍ വെഞ്ചേഴ്സ്, ഇന്ത്യ ആക്സിലറേറ്റര്‍, വി ഫൗണ്ടര്‍ സര്‍ക്കിള്‍, ഡിജിറ്റല്‍ ഫ്യൂച്ചറിസ്റ്റ് ഏഞ്ചല്‍സ്, ഇന്‍ഫ്ളക്ഷന്‍ പോയിന്‍റ് വെഞ്ചേഴ്സ്, ഐഎഎന്‍ ഇന്‍വെസ്റ്റേഴ്സ് തുടങ്ങിയവ എക്സ്പോയിലെ സന്ദര്‍ശകരായിരുന്നു. 


കെഎസ്യുഎം പിന്തുണയ്ക്കുന്ന 11 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ച് വ്യവസായങ്ങളും നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നതിന് എക്സ്പോ അവസരമൊരുക്കി.
വിപുലമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമൊരുക്കി കൂടുതല്‍ ബിസിനസും സമൂഹത്തിനാകെ നേട്ടങ്ങളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എക്സ്പോയുടെ ഉദ്ഘാടന സെഷനില്‍ സംസാരിച്ച സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കി ബിസിനസ് സ്ഥാപനങ്ങളുടെ ശ്രദ്ധ അവയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ വലിയ ഉത്തേജനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാനാണ് ശ്രമിക്കുന്നത്. 5 ജിയുടെ വരവോടെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്നും അവസരങ്ങള്‍ വര്‍ധിക്കുമെന്നും രത്തന്‍ കേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.


സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിനും നിക്ഷേപകരെയും ഉപഭോക്താക്കളെയും നേടുന്നതിനും കൂടുതല്‍ വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്യുഎമ്മെന്ന് എക്സ്പോയെ അഭിസംബോധന ചെയ്ത കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം തിരിച്ചറിയാനും ഉല്‍പ്പാദനക്ഷമമായ അനുഭവം നല്‍കാനും ബിഗ് ഡെമോ ഡേയിലൂടെ സാധിച്ചു. ഇതിനൊപ്പം വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള വേദിയായി ബിഗ് ഡെമോ ഡേ മാറിയെന്നും അദ്ദേഹം പറഞ്ഞു.


ഏയ്സ്വേര്‍ ഫിന്‍ടെക് സര്‍വീസസ്, പിറ്റ്ബിലിങ്ക് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ്, എവെയര്‍ സോഫ്റ്റ്ടെക്, ട്രെയിസ് അനലിസ്റ്റിക്സ് സൊല്യൂഷന്‍സ്, റിയഫൈ ടെക്നോളജീസ്, ക്ലബാല്‍ഫ ടെക്നോളജീസ്, ഫിന്‍സല്‍ റിസോഴ്സസ്, ചില്ലര്‍ പേയ്മെന്‍റ് സൊല്യൂഷന്‍സ്, പിക്സ്ഡൈനാമിക്സ്, റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്, റിമിറ്റ് പേയ്മെന്‍റ്സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയില്‍ പങ്കെടുത്തു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, ബാങ്കുകള്‍, എംഎസ്എംഇകള്‍ എന്നിവര്‍ക്ക് മുന്നില്‍ ഫിന്‍ടെക് മേഖലയിലെ നൂതനാശയങ്ങള്‍ അവതരിപ്പിച്ച് ഭാവിയില്‍ കൂടുതല്‍ വിപണി ലഭ്യമാക്കാനും സഹായകമായി.

Photo Gallery