കേരളത്തിന്‍റെ അടുത്തഘട്ട വികസനത്തിന് കൂടുതല്‍ പങ്കാളിത്ത മാതൃകകള്‍ പ്രയോജനപ്പെടുത്തണം: മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എം.ഡി
Trivandrum / August 18, 2026
തിരുവനന്തപുരം: കേരളത്തിന്‍റെ അടുത്തഘട്ട വികസനത്തിന് കൂടുതല്‍ പങ്കാളിത്ത വികസന മാതൃകകള്‍ ആവശ്യമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. ആളുകള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ഭാവി തലമുറയെ വളര്‍ത്താനും ആഗ്രഹിക്കുന്ന മികച്ച കേന്ദ്രമായി കേരളം മാറുന്നതിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിന്‍റെ 'ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നവേഷന്‍' എന്ന വോഡ് കാസ്റ്റ് പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയോജിത വികസന മാതൃകയ്ക്കായി എല്ലാ മേഖലകളിലുള്ളവര്‍ക്കും ഒത്തുചേരാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിക്കുന്നയിടങ്ങള്‍ കേരളം രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക സാമൂഹിക, വികസന സൂചികകളിലും കേരളം മുന്നിലാണ്. ഈ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമാണ് കേരളത്തിന്‍റെ സ്ഥാനം.
എന്നാല്‍ അടുത്ത ഘട്ടമെന്ന നിലയില്‍ വിവിധ ആവാസവ്യവസ്ഥകളിലെ പങ്കാളികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സംയോജിത വികസന പങ്കാളിത്ത മാതൃക നമുക്ക് ആവശ്യമാണ്. അത്തരം ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചതായി കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ടെക്നോപാര്‍ക്കിന് കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് പോലുള്ള പദ്ധതികളിലൂടെ ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നാം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ യുവ പ്രതിഭകളെ ആകര്‍ഷിക്കുന്ന ടെക്നോപാര്‍ക്ക് പോലുള്ള ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ മാറിയ ആശയങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രധാന ബിസിനസ്സ് മാതൃകയിലേക്ക് സിഎസ്ആറിനെ സംയോജിപ്പിക്കണമെന്ന് പറഞ്ഞു.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാല പദ്ധതികളായി കോര്‍പ്പറേറ്റുകള്‍ പ്ലാന്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളുടെയും സമൂഹത്തിന്‍റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം നിരന്തരം വിലയിരുത്തേണ്ടതും പ്രധാനമാണ്. സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത 'കപ്പ് ഫോര്‍ ലൈഫ്' എന്ന മുത്തൂറ്റിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനം ഇതിനൊരു ഉദാഹരണമാണ്. ആര്‍ത്തവ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പെണ്‍കുട്ടികളുടെ സ്കൂള്‍ ഹാജര്‍നില വര്‍ദ്ധിപ്പിക്കാനും ഇത് സഹായിച്ചു. മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെ മാറ്റാന്‍ അതു സഹായകമാകും.
പരിസ്ഥിതി സൗഹൃദപരമായ ശുചിത്വ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റം വരുത്താന്‍ ഈ പദ്ധതി സഹായിക്കുന്നുണ്ട്. വിവിധ തലങ്ങളില്‍ ഇത് സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Photo Gallery