ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി

Trivandrum / August 7, 2026

തിരുവനന്തപുരം: ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 9, വനിതകള്‍ക്കുള്ള ഫൈവ്സ്-സീസണ്‍ 6 എന്നിവയ്ക്ക്  ടെക്നോപാര്‍ക്കില്‍ തുടക്കമായി. ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ യൂഡി പ്രൊമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

രണ്ട് മാസം നീണ്ടുനില്ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ കെ. ടി. ചാക്കോ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ (ഫേസ് -1) ഉദ്ഘാടനം ചെയ്തു. വനിതാ ടൂര്‍ണമെന്‍റിന്‍റെ കണ്‍വീനര്‍ അഞ്ചന കെ. ദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുരുഷ ടൂര്‍ണമെന്‍റ് കണ്‍വീനര്‍ സരീഷ് എം സ്വാഗതം ആശംസിച്ചു.

ലീല അഷ്ടമുടി ജനറല്‍ മാനേജര്‍ സ്മിത റാത്തോഡ്, ലീല കോവളം ക്ലസ്റ്റര്‍ ഡയറക്ടര്‍ പ്രേം കമല്‍, യൂഡി മാനേജര്‍ കിരണ്‍ ആര്‍ കെ, പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രതിധ്വനി സ്പോര്‍ട്സ് കണ്‍വീനര്‍ രജിത് വി പി, ടൂര്‍ണമെന്‍റിന്‍റെ ജോയിന്‍റ് കണ്‍വീനര്‍ അദ്വൈത് വിശ്വംബരന്‍ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങിന് മുന്‍പായി നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആര്‍ ബ്ലോക്ക് പുരുഷ , വനിതാ  ടീമുകളില്‍ നിന്ന് എവര്‍ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ നിന്നാരംഭിച്ച ബൈക്ക് റാലി (ഫേസ്-1) ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ സമാപിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയായ 'തൂഫാന്‍ വാരിയര്‍' അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ എസ്.വൈ. സുരേഷ് ടെക്കികള്‍ക്ക് ചൊല്ലിക്കൊടുത്തു. കേരളത്തിന്‍റെ പൊതു സുരക്ഷയ്ക്കും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനുമായി ഐടി സമൂഹത്തിന്‍റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രതിജ്ഞ.

ഉദ്ഘാടനത്തിനു ശേഷം നടന്ന രണ്ട് പ്രദര്‍ശന മത്സരങ്ങളില്‍ പ്രതിധ്വനി വനിതാ ടീം നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആര്‍ ബ്ലോക്ക് വനിതാ ടീമിനേയും എച്ച് & ആര്‍ ബ്ലോക്ക് പുരുഷ ടീം പ്രതിധ്വനി പുരുഷ ടീമിനേയും തോല്‍പിച്ചു.

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ എല്ലാ വൈകുന്നേരവും ഫ്ലഡ്ലൈറ്റിലാണ് മത്സരങ്ങള്‍ നടക്കുക. 100-ലധികം ഐടി കമ്പനികളില്‍ നിന്നുള്ള 106 ടീമുകളെ പ്രതിനിധീകരിക്കുന്ന 2,500-ലധികം ഐടി പ്രൊഫഷണലുകള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ വിജയികള്‍ക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടല്‍സും യൂഡി പ്രൊമോഷന്‍സും നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍, കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡി 'പ്ലെയര്‍ ഓഫ് ദി മാച്ച്' ട്രോഫി നല്കും. കാണികള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ലീഗ് അടിസ്ഥാനമാക്കിയുള്ള ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നോക്കൗട്ട് റൗണ്ട് നടക്കും. മത്സരങ്ങള്‍ പ്രവൃത്തി ദിവസങ്ങളിലാണ് നടക്കുക.

 

Photo Gallery

+
Content