ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ

മില്‍മയില്‍ നിന്ന് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള നെയ്യ്: മില്‍മ ചെയര്‍മാന്‍
Trivandrum / August 3, 2026

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നല്‍കിയതെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല.

ശബരിമലയിലേക്കുള്ള നെയ്യ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശബരിമല ഗോഡൗണില്‍ സ്വീകരിക്കുകയും ഉല്‍പന്നത്തിന്‍റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തി സന്നിധാനത്തേക്ക് അയക്കുകയും ചെയ്യുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് മില്‍മയെ ഇതുവരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിന്‍റെ തുക മുഴുവനായും ദേവസ്വം ബോര്‍ഡ് മില്‍മയ്ക്ക് ഇതിനകം നല്‍കുകയും ചെയ്തു.

മില്‍മയില്‍നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള ഒറിജിനല്‍ പ്രീമിയം നെയ്യ് ആണെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. മില്‍മ ഡെയറിയില്‍ നിന്ന് 15 കിലോ ടിന്നുകളിലാക്കി പൂര്‍ണമായി സീല്‍ ചെയ്താണ് നെയ്യ് അയച്ചത്. കൃത്യമായ പാക്കിംഗും സീലിംഗും ചെയ്ത ഈ ടിന്നുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല. ഉപഭോക്താക്കളുടെ വിശ്വാസവും  ക്ഷീരകര്‍ഷകരോടുള്ള പ്രതിബദ്ധതയും മില്‍മയുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ്. മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മില്‍മ എംഡി ആസിഫ് കെ യൂസഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മില്‍മയുടെ എല്ലാ ഡയറികളിലും നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നെയ്യിന്‍റെയും മറ്റ് ഉല്‍പന്നങ്ങളുടെയും ഉല്‍പാദന, പാക്കിംഗ് പ്രക്രിയ നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നതില്‍ മില്‍മയ്ക്ക് പ്രതിബദ്ധതയുണ്ട്. അത് നിലനിര്‍ത്തുന്നത് മില്‍മയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

മില്‍മ നെയ്യിനു പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചു എന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ളതായിട്ടാണ് മില്‍മ കാണുന്നത്. ഏതെങ്കിലും വിധത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മില്‍മ അറിയിച്ചു.

മില്‍മയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതായി വന്ന മാധ്യമവാര്‍ത്ത വാസ്തവവിരുദ്ധമാണ്. മില്‍മയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടില്ല. ബോര്‍ഡ് അങ്ങനെയൊരു തീരുമാനമെടുക്കുകയോ അത്തരമൊരു അറിയിപ്പ് ദേവസ്വം ബോര്‍ഡില്‍ നിന്ന് മില്‍മയ്ക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല. ഭക്തരില്‍ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയിലെ ദൈനംദിന

ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും അതിനാല്‍ ഇപ്പോള്‍ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പെട്ടിരുന്നു.
 
ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലും ഉപജീവനവും നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മില്‍മ മുന്നോട്ടു പോകുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 

Photo Gallery