മെട്രോ എം.എസ്.എം.ഇ കോണ്‍ക്ലേവും അവാര്‍ഡ് ദാനവും നടന്നു
Trivandrum / July 30, 2026
തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഒമ്പതാമത് മെട്രോ എം.എസ്.എം.ഇ. കോണ്‍ക്ലേവും അവാര്‍ഡ് ദാനവും തിരുവനന്തപുരത്ത് നടന്നു. വി. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഗതാഗത വകുപ്പു മന്ത്രി സി.പി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമേ കേരളത്തില്‍ വ്യവസായ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയൂവെന്ന് സി പി ജോണ്‍ പറഞ്ഞു. മികച്ച പാക്കിംഗ്, ബ്രാന്‍ഡിംഗ്, ഗ്ലോബല്‍ വിപണി ലക്ഷ്യമാക്കിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, ക്വാളിറ്റി ഉറപ്പാക്കിയുള്ള ഉത്പന്നങ്ങള്‍ എന്നിവയില്‍ ചെറുകിട വ്യവസായ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പു മന്ത്രി ടി സിദ്ദീഖ്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷ്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്‍റ് എ. നിസാറുദ്ദീന്‍, ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ഇ.എം. നജീബ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ശ്രീ.എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ്, എസ്.കെ.എച്ച്.എഫ്. പ്രസിഡന്‍റ്എം.ആര്‍. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
അഡ്വാന്‍റേജ് ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി അനില്‍ കെ ആന്‍റണി സംസാരിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യവസായികള്‍ക്കുള്ള മെട്രോ എം.എസ്.എം.ഇ. അവാര്‍ഡ് ദാനം മന്ത്രി സി പി ജോണ്‍ നിര്‍വ്വഹിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഭീമ ജൂവലേഴ്സ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ മന്ത്രി സി പി ജോണില്‍ നിന്നും സ്വീകരിച്ചു. ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി ആന്‍റണി ഏറ്റുവാങ്ങി.
Photo Gallery