നിരാലംബരായ യുവജനങ്ങള്‍ക്കായി ഐബിഎസ് നൈപുണ്യ പരിശീലന കേന്ദ്രം തുടങ്ങുന്നു

ഐബിഎസ് രജതജൂബിലിയോടനുബന്ധിച്ച് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു
Trivandrum / October 22, 2022

തിരുവനന്തപുരം: നിരാലംബരായ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി ഐബിഎസ് സോഫ്റ്റ്വെയര്‍ കൊച്ചിയില്‍ കാന്‍ഡില്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കുന്നു. ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച പദ്ധതിക്ക് തുടക്കം കുറിച്ചു.
ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) സംരംഭമായ കാന്‍ഡിലിന്‍റെ ഭാഗമായാണ് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ സ്കില്ലിംഗ് സ്ഥാപിക്കുന്നത്.


താഴേത്തട്ടിലുള്ള യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ആവശ്യമായ നൈപുണ്യ പരിശീലനം സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ സ്കില്ലിംഗില്‍ ലഭ്യമാക്കുമെന്ന് കാന്‍ഡിലിന്‍റെ മേധാവി ഹന്ന മാത്യൂസ് പറഞ്ഞു. ശരിയായ രീതിയില്‍ തൊഴില്‍വൈദഗ്ധ്യമുള്ള യുവജനതയെ സൃഷ്ടിക്കുകയാണ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ ഐബിഎസ് വിഭാവനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. 
മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പിന്നാക്കം നില്‍ക്കുന്ന യുവജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് നൈപുണ്യ പരിശീലന കേന്ദ്രം സഹായകമാകും. സ്വന്തമായും ചുറ്റുമുള്ളവരേയും പരിപാലിച്ച് അന്തസ്സുള്ള ജീവിതം നയിക്കാന്‍ ഈ പദ്ധതിയിലൂടെ അവര്‍ പ്രാപ്തരാകും. തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനു പുറമേ ജോലി കണ്ടെത്താനും സ്വന്തമായി സംരംഭം തുടങ്ങാനും സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ സ്കില്ലിംഗ് സഹായിക്കും.


നിരാലംബരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉയര്‍ന്ന ജീവിതനിലവാരം എന്നിവ നല്‍കാനും അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കാനും ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. ഐബിഎസ് സിഎസ്ആര്‍ സംരംഭം കാന്‍ഡില്‍ എന്നാണ് അറിയപ്പെടുന്നത്. സ്നേഹവും കരുതലും സൂചിപ്പിക്കുന്ന വാക്കാണ് കാന്‍ഡില്‍. കാന്‍ഡില്‍ രണ്ടു തരത്തിലാണ് ഫണ്ട് സമാഹരിക്കുന്നത്. നേരിട്ടുള്ള കോര്‍പ്പറേറ്റ് ഫണ്ടിംഗിനു പുറമേ ജീവനക്കാര്‍ നല്‍കുന്ന സംഭാവനയിലൂടെയും ഫണ്ട് കണ്ടെത്തുന്നു. ഇതിനെ കാന്‍ഡില്‍ ഔട്ട്റീച്ച് എന്നാണ് വിളിക്കുന്നത്. 


1200 ല്‍ അധികം കുട്ടികള്‍ക്കും 350 ല്‍ അധികം ചെറുപ്പക്കാര്‍ക്കും പ്രയോജനപ്പെടുന്ന 15 ലേറെ പദ്ധതികള്‍ നിലവില്‍ കാന്‍ഡില്‍ നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാരിതര ചാരിറ്റി സ്ഥാപനങ്ങളിലൂടെയാണ് ഇവ നടപ്പിലാക്കുന്നത്. ഫോസ്റ്റര്‍ കെയര്‍ ഹോമുകള്‍, പ്രത്യേക കഴിവുള്ള കുട്ടികള്‍ക്ക് പരിചരണം നല്‍കുന്ന സ്കൂളുകള്‍, യുവജനങ്ങളുടെ ശാരീരിക, മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി കഴിഞ്ഞ വര്‍ഷം ഐബിഎസ് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റും രൂപീകരിച്ചിരുന്നു.
 

Photo Gallery