ജര്‍മ്മന്‍ ക്ലാസിക് ചിത്രം 'ഡെര്‍ സോമര്‍ ഡെസ് ഫാല്‍ക്കണ്‍' ഇന്ന് വൈകുന്നേരം ഗൊയ്ഥെ സെന്‍ട്രമില്‍

Trivandrum / July 21, 2026

തിരുവനന്തപുരം: സിനിമാസ്വാദകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ജര്‍മ്മന്‍ ക്ലാസിക് ചിത്രമായ 'ഡെര്‍ സോമര്‍ ഡെസ് ഫാല്‍ക്കണ്‍' ഇന്ന് (ജൂലൈ 22) വൈകുന്നേരം 6.30 ന് ജവഹര്‍ നഗറിലുള്ള ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രമില്‍ പ്രദര്‍ശിപ്പിക്കും.

ബാനര്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. നിഗൂഢതയും സാഹസികതയും മനോഹരമായ പര്‍വത പശ്ചാത്തലവും ഒരുമിക്കുന്ന ചിത്രം ആരെന്‍ഡ് ആഗ്തെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിഗൂഢമായ ഒരു രക്ഷാകവചം കണ്ടെത്താനുള്ള ആവേശകരമായ യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം.

പര്‍വത പ്രദേശത്ത് വസിക്കുന്ന മേരി എന്ന പെണ്‍കുട്ടിയും നഗരത്തില്‍ നിന്നെത്തിയ യുവാവും ചേര്‍ന്ന് ഒരു ഫാല്‍ക്കണ്‍ പക്ഷിയെയും അതിന്‍റെ കൂടിനെയും വിചിത്ര സ്വഭാവമുള്ള ഒരു പ്രാവു വളര്‍ത്തുകാരനില്‍ നിന്ന് രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം കാട്ടിത്തരുന്നത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിയ ഈ ചിത്രം അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും കഥപറച്ചിലിന്‍റെ വ്യത്യസ്തമായ അനുഭവവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Photo Gallery