ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍

Trivandrum / July 19, 2026

തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സാവിദഗ്ധരുടെ കണ്ടെത്തല്‍. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍റ് ടെക്നോളജിയില്‍  (ഐജെഡിറ്റി) ഉടന്‍ പ്രസിദ്ധീകരിക്കുന്ന  പ്രമേഹരോഗികളില്‍ ഡെങ്കി പ്രതിരോധ കുത്തിവെപ്പിന്‍റെ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. പ്രമേഹ ചികിത്സയില്‍ ഡെങ്കി വാക്സിനേഷന്‍ സംയോജിപ്പിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

കോവളത്തെ ഉദയ് സമുദ്രയില്‍ അടുത്തിടെ നടന്ന ജെപിഇഎഫിന്‍റെ (ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം) 14-ാമത് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഈ മാര്‍ഗരേഖയുടെ കവര്‍ പ്രകാശനം ചെയ്തു.

ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുന്‍നിര പ്രമേഹ ചികിത്സാ വിദഗ്ധരായ ഡോ: സഞ്ജയ് കല്‍റ, ഡോ. അനൂപ് മിശ്ര, ഡോ. ബന്‍ഷി സാബു, ഡോ. ശശാങ്ക് ആര്‍. ജോഷി, ഡോ. അനുജ് മഹേശ്വരി, ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് പരീഖ്, ഡോ. മനോജ് ചൗള, ഡോ. സുനില്‍ ഗുപ്ത, ഡോ. അഞ്ജന രഞ്ജിത്ത് മോഹന്‍, ഡോ. സഞ്ജയ് അഗര്‍വാള്‍ എന്നിവരും  ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐഡിഎഫ് ) യൂറോപ്പിന്‍റെ നിയുക്ത പ്രസിഡന്‍റ്  ഡോ. നിതി പാലുമാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നത് രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തി രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകും. പ്രമേഹമുള്ളവരില്‍ ഡെങ്കി അണുബാധ ഗുരുതരമാകാന്‍ ഇത് വഴിയൊരുക്കുമെന്ന് മാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു.

പ്രമേഹ രോഗികളിലെ 'സൈറ്റോകൈന്‍ സ്റ്റോം' എന്നറിയപ്പെടുന്ന അനിയന്ത്രിതമായ ഹൈപ്പര്‍-ഇന്‍ഫ്ളമേറ്ററി രോഗപ്രതിരോധ പ്രതികരണത്തിന് ഇത്തരം അണുബാധ കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയര്‍ന്നു നില്‍ക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ കേടുപാടുണ്ടാക്കുകയും ചെയ്യും. ഒരിക്കല്‍ ഡെങ്കി വൈറസ് ബാധിച്ചവര്‍ 'സൈറ്റോകൈന്‍ സ്റ്റോം' എന്ന അവസ്ഥയിലൂടെ കടന്നുപോകും. ഇത് ഡെങ്കി ഹെമറാജിക് പനിയ്ക്കും ആന്തരിക രക്തസ്രാവത്തിനും ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന പെട്ടെന്ന് താഴ്ന്നു പോകുന്ന രക്തസമ്മര്‍ദ്ദത്തില്‍ ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്നും പ്രബന്ധത്തില്‍ പറയുന്നു.

നിലവിലെ ക്ലിനിക്കല്‍ ചികിത്സാരീതിയിലെ വിടവ് നികത്തുന്നതിനായി പ്രമേഹ ചികിത്സയില്‍ ആധുനിക ഡെങ്കി വാക്സിനേഷന്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത മാര്‍ഗരേഖ ഉയര്‍ത്തിക്കാട്ടുന്നു.

ടകേഡ വികസിപ്പിച്ചെടുത്ത ടിഎകെ- 003 വാക്സിന്‍ (ആഗോളതലത്തില്‍ ക്യുഡെന്‍ങ്ക എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്നു) പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രബന്ധത്തില്‍  പരാമര്‍ശിക്കുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന ക്ലിനിക്കല്‍ പഠനങ്ങളിലെ വിവരങ്ങള്‍ പ്രകാരം ടിഎകെ- 003 വാക്സിന്‍ ഉപയോഗിക്കുന്നതിലൂടെ 84 ശതമാനം മുതല്‍ 90 ശതമാനം വരെ രോഗബാധയില്‍ കുറവ് വരുത്തുമെന്നും രോഗികള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ടകേഡ വികസിപ്പിച്ച വാക്സിന്‍ ഡെങ്കി വൈറസിന്‍റെ നാല് പ്രധാന സെറോടൈപ്പുകള്‍ക്കെതിരെയും വളരെ ഫലപ്രദമാണ്. പഴയ വാക്സിന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രോഗിക്ക് മുമ്പ് ഡെങ്കി ബാധിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഈ നൂതന പ്ലാറ്റ്‌ഫോം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രക്തപരിശോധനയുടെ സങ്കീര്‍ണ്ണമായ മള്‍ട്ടി-സ്റ്റെപ്പ് സ്ക്രീനിംഗ് പ്രക്രിയ, വലിയ ചെലവുകള്‍, പരിശോധനയിലെ കാലതാമസം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു.

നിലവില്‍ 42 രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുള്ള ഈ വാക്സിന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും.

ഡെങ്കിപ്പനി പടരുന്ന സമയത്ത് ഏറ്റവും ദുര്‍ബലരാകുന്നവരാണ് പ്രമേഹരോഗികളെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധ കുത്തിവയ്പ്പ് പ്രമേഹ പരിചരണത്തില്‍ സംയോജിപ്പിക്കുന്നത് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ ഗുരുതര രോഗാവസ്ഥയും ആശുപത്രിവാസവും കുറയ്ക്കുന്നതിന് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ വാക്സിനേഷന്‍ കാര്യക്ഷമമായി നടത്താനാകും.

പതിവ് പ്രമേഹ പരിശോധനയ്ക്കിടെ നല്‍കുന്ന ലളിതവും സമ്മര്‍ദ്ദരഹിതവുമായ ഒരു കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികളായ വ്യക്തികളെ മാരകമായ ഡെങ്കി ഭീഷണിയില്‍ നിന്ന് സംരക്ഷിക്കും. അടിസ്ഥാനപരമായി ആരോഗ്യ പ്രതിരോധ സാധ്യതകളെ ഇതിലൂടെ പുനര്‍നിര്‍വചിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡെങ്കിപ്പനി തുടരുന്ന പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് പ്രമേഹരോഗികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വാക്സിനേഷന്‍ സഹായകമാകുമെന്നും മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു.

Photo Gallery