ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2026 കിരീടം എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്; ഇന്‍ഫോസിസ് വനിതാ ചാമ്പ്യന്മാർ
Trivandrum / July 17, 2026
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ഏറ്റവും വലിയ കായിക മേളയായ 'ഫേവറിറ്റ് ഹോംസ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍) 2026' കിരീടം എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്. ടെക്നോപാര്‍ക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യുസിഎല്‍) 2026 കിരീടം ഇന്‍ഫോസിസ് സ്വന്തമാക്കി.
പുരുഷ ഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് യുഎസ്ടിയെ പരാജയപ്പെടുത്തിയാണ് ടിപിഎല്‍ 2026 ചാമ്പ്യന്‍ഷിപ്പ് നേടിയത്. വനിതാ ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ഇന്‍ഫോസിസ് യുഎസ്ടിയെ പരാജയപ്പെടുത്തി.
ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലിനു ശേഷം നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ആറ് മാസം നീണ്ട ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ടൂര്‍ണമെന്‍റിന്‍റെ സമാപന സമ്മേളനം ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന്‍ മുഖ്യാതിഥിയായി. വിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുമുള്ള പുരസ്കാരങ്ങള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു.
ടൈറ്റില്‍ സ്പോണ്‍സറായ ഫേവറിറ്റ് ഹോംസില്‍ നിന്നുള്ള ഫാര്‍വിന്‍ മുഹമ്മദ് (എജിഎം), മേരി ലീന (സീനിയര്‍ മാനേജര്‍), രാജീവ് കുമാര്‍ (സീനിയര്‍ മാനേജര്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ടിപിഎല്‍ കണ്‍വീനര്‍ വിപിന്‍രാജ് അനിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടിപിഎല്‍ ജനറല്‍ കണ്‍വീനര്‍ സജിത് ദേവ് സ്വാഗതം പറഞ്ഞു.
ടെക്നോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അഭിലാഷ് ഡി.എസ്, പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സെക്രട്ടറി വിനീത് ചന്ദ്രന്‍, സ്പോര്‍ട്സ് ഫോറം കണ്‍വീനര്‍ രജിത് വി.പി, സീറ്റിയസ് സിഇഒ കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍ - ടിപിഎല്‍ 2026
മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍: റാംരാജ് (ഫ്യൂച്ചര്‍ ബ്ലോക്ക്സ്), മികച്ച ബാറ്റര്‍: സജിന്‍ വസന്ത (യുഎസ്ടി); മികച്ച ബൗളര്‍: അജിത് കണ്ണന്‍ (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്), പ്ലേയര്‍ ഓഫ് ദി ഫൈനല്‍: ആനന്ദു രാജ് (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്);
വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍ - ടിഡബ്ല്യുസിഎല്‍ 2026
മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍: ജിഷ ഗോമസ് (ടിസിഎസ്), മികച്ച ബാറ്റര്‍: ജിഷ ഗോമസ് (ടിസിഎസ്), മികച്ച ബൗളര്‍: അനുശ്രീ സി.എ. (ഇന്‍ഫോസിസ്), പ്ലേയര്‍ ഓഫ് ദി ഫൈനല്‍: അനുശ്രീ സി.എ. (ഇന്‍ഫോസിസ്)
2026 ലെ ടൂര്‍ണമെന്‍റില്‍ 174 പുരുഷ ടീമുകളും 24 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. 300 ലധികം മത്സരങ്ങളാണ് നടന്നത്.
ടെക്നോപാര്‍ക്കിലെ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകളെ ഒന്നിപ്പിക്കാനും അവരുടെ കായികക്ഷമതയും സൗഹൃദവും ഒത്തൊരുമയും ശക്തിപ്പെടുത്താനും ടൂര്‍ണമെന്‍റിലൂടെ സാധിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളില്‍ നിന്നുള്ള ടീമുകളുടെ വന്‍ പങ്കാളിത്തമുള്ള ടിപിഎല്‍ 2001 ലെ ആദ്യ പതിപ്പ് മുതല്‍ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ കായിക മേളകളിലൊന്നാണ്.