കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'ലെറ്റ്സ് ടോക്ക്'; റഹാബ് അലാന പ്രഭാഷണം നടത്തും
Trivandrum / July 14, 2026
തിരുവനന്തപുരം: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ലെറ്റ്സ് ടോക്ക്' പ്രഭാഷണപരമ്പരയില്‍ അല്‍കാസി ഫൗണ്ടേഷന്‍ ഫോര്‍ ദ ആര്‍ട്സിലെ ക്യൂറേറ്ററും പ്രസാധകനുമായ റഹാബ് അലാന പങ്കെടുക്കും. കിര്‍ലോസ്കറിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 15-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.
ന്യൂഡല്‍ഹിയിലെ അല്‍കാസി ഫൗണ്ടേഷനിലേക്ക് അടുത്തിടെ ലഭിച്ച, വിപ്ലവകാരിയും കാര്‍ഷിക ശാസ്ത്രജ്ഞനുമായ പാണ്ഡുരംഗ് സദാശിവ് ഖാങ്കോജെ (1884-1967) യുടെ ഇതുവരെ കാണാത്ത ഫോട്ടോഗ്രാഫുകളെ ആസ്പദമാക്കിയാണ് റഹാബ് അലാനയുടെ പ്രഭാഷണം. ചരിത്രരേഖകള്‍ എന്നതിലുപരി, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രങ്ങളിലേക്കും ഫോട്ടോഗ്രാഫുകളുടെ പൊതുജീവിതത്തിലേക്കും ഈ ചിത്രങ്ങള്‍ വെളിച്ചം വീശുന്നു.
മെക്സിക്കോയിലെ സ്വയം പ്രഖ്യാപിത പ്രവാസം മുതല്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലൂടെയുള്ള ഖാങ്കോജെയുടെ യാത്രകളെ അനുസ്മരിക്കുന്ന പ്രഭാഷണം കുടിയൊഴിപ്പിക്കല്‍, കുടിയേറ്റം, അതിര്‍ത്തികള്‍ താണ്ടിയുള്ള ഫോട്ടോഗ്രാഫുകളുടെ സഞ്ചാരം എന്നിങ്ങനെയുള്ള വിഷയങ്ങളെ അവലോകനം ചെയ്യുന്നു.
അല്ലാനയുടെ അണ്‍ഫ്രെയിംഡ് (2023) എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം അവഗണിക്കപ്പെട്ട ഈ ചിത്രങ്ങള്‍ ദക്ഷിണേഷ്യയെയും അതിന്‍റെ പരസ്പരബന്ധിതമായ ചരിത്രങ്ങളെയും മനസ്സിലാക്കുവാന്‍ എങ്ങനെ സഹായിക്കുന്നു എന്ന് അന്വേഷിക്കുന്നു.
ന്യൂഡല്‍ഹിയിലെ അല്‍കാസി ഫൗണ്ടേഷന്‍ ഫോര്‍ ദ ആര്‍ട്സിലെ ക്യൂറേറ്ററും പ്രസാധകനുമാണ് റഹാബ് അലാന. ചാള്‍സ് വാലസ് ഗ്രാന്‍റ് ജേതാവും റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി (യുകെ) ഫെലോയും ആയ അദ്ദേഹം ASAP | art (Alternative South Asia Photography | Art) ന്‍റെ സ്ഥാപകനാണ്. അണ്‍ഫ്രെയിംഡ്: ഡിസ്കവറിങ് ഇമേജ് പ്രാക്ടീസസ് ഇന്‍ സൗത്ത് ഇന്ത്യ (2023), അനദര്‍ ലെന്‍സ്: ഫോട്ടോഗ്രഫി ആന്‍ഡ് ദി എമര്‍ജെന്‍സ് ഓഫ് ഇമേജ് കള്‍ച്ചര്‍ (2024) ) എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്ററായ അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ലഭിച്ചിട്ടുണ്ട്.