ഇൻഫോപാർക്കില്‍ ഫേസ് രണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ഐവിബിഎം

Kochi / July 9, 2026

കൊച്ചി: പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ഐവിബിഎം പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ഇൻഫോപാർക്ക് ഫേസ് 2-ലെ ജ്യോതിർമയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സെസ് അസി. ഡെവലപ്മന്റ് കമ്മീഷണര്‍ വിനീത വിജയന്‍, ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന്, രണ്ട് മേഖലകളുടെ സെസ് സുപ്രണ്ട് (കസ്റ്റംസ്- കൊച്ചിൻ സെസ്) അനൂപ് അരവിന്ദന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
 

കൊച്ചി മെട്രോയുടെ സൗത്ത് സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം കൊ-വര്‍ക്കിംഗ് സ്പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിലായിരുന്നു ഐവിബിഎം നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന് കാമ്പസിനേക്കാള്‍ വലിയ വികസനമാണ് ഫേസ് രണ്ടില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച സുശാന്ത് കുറുന്തില്‍ പറഞ്ഞു. ചെറുതെന്നോ വലുതെന്ന വ്യത്യാസമില്ലാതെ ടെക്നോളജി മേഖലയെ മുഴുവനായി ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയാണ് ഇന്‍ഫോപാര്‍ക്ക് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് ഒരു ജീവനക്കാരനില്‍ നിന്നും ആരംഭിച്ച് ഇന്ന് 75 ജീവനക്കാരുമായി ഐവിബിഎം മുന്നേറുകയാണെന്ന് കമ്പനി വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായ ഫസലു റഹ്മാന്‍ പറഞ്ഞു. നൂതനത്വത്തിലധിഷ്ഠിതമായ വിശ്വാസ്യതയാണ് കമ്പനിയുടെ മുഖമുദ്ര. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഐവിബിഎമ്മിനുള്ളത്. ഓട്ടിസമടക്കമുള്ള ശാരീകാവസ്ഥയുള്ളവരും കമ്പനിയുടെ ജീവനക്കാരായുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിനീത വിജയന്‍, അനൂപ് അരവിന്ദന്‍, ഐവിബിഎം സ്ഥാപകന്‍ ജാഫര്‍ സാദിഖ്, സാമൂഹ്യപ്രവർത്തകൻ രാജു പി നായർ തുടങ്ങിയവര്‍ സംസാരിച്ചു.

ഫിന്‍ടെക്, ബിസിനസ് കണ്‍സല്‍ട്ടന്‍സി, ഓഡിറ്റ് -അക്കൗണ്ടിംഗ്, ഐടി സേവനങ്ങളാണ് ഐവിബിഎം നല്‍കുന്നത്. ഗള്‍ഫ് മേഖലയിലാണ് ഐവിബിഎമ്മിന്റെ ഉപഭോക്തക്കളിലേറെയും.

 

 

Photo Gallery

+
Content
+
Content
+
Content