ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് ഇന്ന് (വെള്ളിയാഴ്ച) കോവളത്ത് തുടക്കം

Trivandrum / July 9, 2026

തിരുവനന്തപുരം: പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷന് ഇന്ന് (ജൂലൈ 10) കോവളത്ത് തുടക്കമാകും.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന ത്രിദിന ഡയബറ്റിസ് കണ്‍വെന്‍ഷന്‍റെ പ്രമേയം 'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' എന്നതാണ്.

പ്രമേഹം, അമിതവണ്ണം, കാര്‍ഡിയോമെറ്റബോളിക് കെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വളര്‍ന്നുവരുന്ന ചികിത്സാ രീതികള്‍, കണ്ടുപിടുത്തങ്ങള്‍, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകള്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കും. പ്രമേഹചികിത്സാ മാര്‍ഗങ്ങള്‍ക്കൊപ്പം അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയും കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്യും.


കണ്‍വെന്‍ഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 11 (ശനിയാഴ്ച) വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും.

ദേശീയ, അന്തര്‍ദേശീയ തലത്തിലെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം, നൂതനാശയങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാകും.

കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

പ്രമേഹ രോഗവും പരിചരണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ സമ്മേളനത്തിലുണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ആദ്യ സെഷന്‍ ആരംഭിക്കും. ഉദയസമുദ്രയിലെ മൂന്ന് വേദികളിലായി സമാന്തര സെഷനുകള്‍ നടക്കും. രണ്ടാം ദിവസം രാവിലെ 8.30 മുതല്‍ സെഷനുകള്‍ ആരംഭിക്കും.

 ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, ഈജിപ്റ്റ്, ഒമാന്‍, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമേഹ രോഗ വിദഗ്ധര്‍ ജെപിഇഎഫ്-2026 ല്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധന്‍മാരും സമ്മേളനത്തിന്‍റെ ഭാഗമാകും.

തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലെ പുരോഗതി, എഐ നിയന്ത്രിത വ്യക്തിഗത പരിചരണം, ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി മാര്‍ഗങ്ങള്‍, സ്റ്റെം സെല്‍ ഗവേഷണം, ടൈപ്പ് 1 പ്രമേഹത്തിനുള്ള ടെപ്ലിസുമാബ്, ബേസല്‍ ഇന്‍സുലിന്‍, ഇന്‍ഹേല്‍ഡ് ഇന്‍സുലിന്‍, ജെറിയാട്രിക് ഡയബറ്റിസ് മാനേജ്മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകള്‍ പരിപാടിയുടെ പ്രധാന സവിശേഷതയാണ്.

ബാക്സ്ഡ്രോസ്റ്റാറ്റ് (Baxdrostat), വികാഡ്രോസ്റ്റാറ്റ് (Vicadrostat), ആഴ്ചയിലൊരിക്കല്‍ മാത്രം ഉപയോഗിക്കേണ്ട പുതിയ ഇന്‍സുലിന്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ മരുന്നുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നത് ശ്രദ്ധേയം.

Photo Gallery