പ്രമേഹം പഞ്ചസാരയുടെ മാത്രമല്ല; കോശങ്ങളുടെ ഊര്‍ജ്ജ ഉത്പാദനവുമായി ബന്ധപ്പെട്ടത്: ആഗോള പ്രമേഹ വിദഗ്ധന്‍

ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം
Trivandrum / July 11, 2026

തിരുവനന്തപുരം: പ്രമേഹമെന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ലെന്നും ശരീരത്തിലെ കോശങ്ങളുടെ ഊര്‍ജ്ജ ഉത്പാദന ശേഷിയുമായി ബന്ധപ്പെട്ട രോഗമാണെന്നും പ്രമേഹ ചികിത്സാ വിദഗ്ധന്‍. കോവളത്ത് നടക്കുന്ന പതിനാലാമത് ഗ്ലോബല്‍ ഡയബറ്റീസ് കണ്‍വെന്‍ഷനിലാണ് ഇന്‍റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍റെ (ഐഡിഎഫ്) ഡയബറ്റീസ് ടെക്നോളജി കമ്മിറ്റിയുടെ മിഡില്‍-ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക കോ-ചെയറായ ഡോ. ഹൊസം അറഫ ഗാസി ഈ അഭിപ്രായമുയര്‍ത്തിയത്.

കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രമേഹ ചികിത്സ പ്രധാനമായും രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നിട്ടും പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ നിലനില്‍ക്കുകയാണ്. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണമാണ് ഇന്നും ഏറ്റവുമധികമെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെ ഉദയ സമുദ്രയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന്‍റെ ഭാഗമായി 'ദി ഫൊര്‍ഗോട്ടണ്‍ ഓര്‍ഗനെല്‍ ഇന്‍ ടൈപ്പ് 2 ഡയബറ്റിസ്' എന്ന സെഷനില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനൊപ്പം ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ സംരക്ഷിക്കുന്ന എസ് ജിഎല്‍2 ഇന്‍ഹിബിറ്ററുകളും ജിഎല്‍പി 1 റിസപ്റ്റര്‍ അഗോണിസ്റ്റുകളും ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ടൈപ്പ് 2 പ്രമേഹത്തില്‍ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്ന മെറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും കോശങ്ങളുടെ ഊര്‍ജ്ജശേഷി വീണ്ടെടുക്കുന്നതിന് വ്യായാമമാണ് ഏറ്റവും ഫലപ്രദമായ ചികിത്സയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുടെ ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ലെന്നും കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കലാണെന്നും ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയിലെ ഇന്‍റേണല്‍ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇമെഗ്ലിമിന്‍ എന്ന മരുന്ന് കരളിലെയും ബീറ്റാ കോശങ്ങളിലെയും മെറ്റാകോണ്‍ഡ്രിയയെ ഒരേ സമയം സംരക്ഷിക്കുന്ന ചികിത്സാ മാര്‍ഗമാണെന്ന് പുതിയ ചികിത്സാരീതികളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഊര്‍ജ്ജ ഉത്പാദനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

 ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന ത്രിദിന ഡയബറ്റിസ് കണ്‍വെന്‍ഷന്‍റെ പ്രമേയം 'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' എന്നതാണ്. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 കണ്‍വെന്‍ഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂലൈ 11 ശനിയാഴ്ച) വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും. ദേശീയ, അന്തര്‍ദേശീയ തലത്തിലെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം, നൂതനാശയങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാണ്.

Photo Gallery