ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നു; ഇന്ത്യക്കാര്‍ക്ക് പ്രത്യേക ചികിത്സാ സമീപനം വേണമെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷന്‍

Trivandrum / July 12, 2026

തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്സ് (ബി.എം.ഐ.) ഉള്ളവരായിട്ടും ഏഷ്യക്കാരിലും, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയിലും ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെടുന്നതായി പ്രമുഖ പ്രമേഹ വിദഗ്ധന്‍ ഡോ. ബന്‍ഷി സാബൂ. അതിനാല്‍ പ്രമേഹ ചികിത്സയില്‍ എച്ച്ബിഎ1സി പരിശോധനാഫലത്തില്‍ മാത്രം ആശ്രയിക്കാതെ കൂടുതല്‍ സമഗ്രമായ ചികിത്സാ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്-2026) കോവളത്ത് സംഘടിപ്പിച്ച 14-ാമത് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിതവണ്ണമില്ലാത്തവരായിരുന്നാലും ഇന്ത്യക്കാര്‍ക്ക് ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തനക്ഷമത നേരത്തേ കുറയുക, ഉദരഭാഗത്ത് കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുക, ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുക, ഇന്‍സുലിന്‍റെ ആദ്യഘട്ട സ്രവണം കുറയുക തുടങ്ങിയ കാരണങ്ങളാല്‍ ഏകദേശം ഒന്നര വര്‍ഷം മുമ്പേ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ബന്‍ഷി സാബൂ പറഞ്ഞു. ഇന്ത്യയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണരീതിയാണ് ഭക്ഷണശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാന്‍ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ അറബ്, യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയര്‍ച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളായ ഗ്ലൈസെമിക് വേരിയബിലിറ്റിക്ക് പ്രമേഹ ചികിത്സയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഡോ. സാബൂ അഭിപ്രായപ്പെട്ടു. കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) വ്യാപകമായി ഉപയോഗിക്കണം. രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനമുള്ള രോഗികളെ തിരിച്ചറിയാനും എല്ലാവര്‍ക്കും ഒരേ ചികിത്സ നല്‍കുന്നതിനുപകരം വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കാനും ഇത് സഹായിക്കും. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗ്ലൈസെമിക് വേരിയബിലിറ്റി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന ചികിത്സാരീതികള്‍ ഇന്ത്യക്കാരും മറ്റ് ഏഷ്യന്‍ ജനവിഭാഗങ്ങളും നേരിടുന്ന പ്രത്യേക ഉപാപചയ വെല്ലുവിളികളെ മറികടക്കുന്നതില്‍ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എഫ് ഡിസി ചെയര്‍മാന്‍ ജി. കൃഷ്ണകുമാര്‍ ഡോ. ബന്‍ഷി സാബൂവിന് ഉപഹാരം നല്‍കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. സ്മിത ജോഷി, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറത്തിന്‍റെ (ജെപിഇഎഫ്) ഓര്‍ഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തിലാണ് ജൂലൈ 10 മുതല്‍ 12 വരെ സമ്മേളനം നടന്നത്. സംഘാടക ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ സംഘാടകരായിരുന്നു.

 

Photo Gallery