പ്രമേഹ രോഗികളില്‍ ഹൃദയ-വൃക്ക രോഗസാധ്യത പ്രവചിക്കുന്ന വെബ് ആപ്പ് വികസിപ്പിച്ച് ഡോക്ടര്‍മാര്‍

Trivandrum / July 12, 2026

തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഹൃദയ-വൃക്ക സംബന്ധമായ രോഗസാധ്യത വിലയിരുത്താനും പ്രവചിക്കാനും കഴിയുന്ന വെബ് ആപ്പ് അധിഷ്ഠിത ഉപകരണം വികസിപ്പിച്ച് ഒരു സംഘം മെഡിക്കല്‍ വിദഗ്ധര്‍.

ഇന്‍റര്‍നാഷണല്‍ കാര്‍ഡിയോ-റീനല്‍ റിസ്ക് അസസ്മെന്‍റ് ആന്‍ഡ് സ്ട്രാറ്റിഫിക്കേഷന്‍ (ഐസിആര്‍എഎസ്) എന്ന ഈ ഉപകരണം കോവളം ഉദയ സമുദ്രയില്‍ നടക്കുന്ന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷന്‍റെ പതിനാലാം പതിപ്പിലാണ് അവതരിപ്പിച്ചത്.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറത്തിന്‍റെ (ജെപിഇഎഫ്) ഓര്‍ഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തില്‍ ജൂലൈ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടന്നത്. സംഘാടക ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ സംഘാടകരായിരുന്നു.'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' എന്നതാണ്  ത്രിദിന ഡയബറ്റിസ് കണ്‍വെന്‍ഷന്‍റെ പ്രമേയം.

ക്ലിനിക്കുകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന രോഗവിവരങ്ങള്‍ ഉപയോഗിച്ച് പ്രമേഹ വൃക്കരോഗം, കൊറോണറി ഹൃദ്രോഗം, ഗുരുതര ഹൃദയാഘാത സാധ്യത എന്നിവ ഉയര്‍ന്നിരിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികളെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഐസിആര്‍എഎസ് എന്ന ഈ ഉപകരണം അവതരിപ്പിച്ച് കൊണ്ട് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

നിലവിലുള്ള മിക്ക മോഡലുകളും പ്രമേഹ രോഗികളിലെ ഹൃദയ-വൃക്ക രോഗങ്ങളുടെ പരസ്പര ബന്ധം സമഗ്രമായി വിലയിരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ക്ലിനിക്കല്‍ ബയോമാര്‍ക്കറുകളും ജീവിതശൈലിയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും സംയോജിപ്പിക്കുന്ന ഈ ഉപകരണം ഇന്ത്യന്‍ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ രീതിയില്‍ അപകടസാധ്യത വിലയിരുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെബ് ആപ്പ് സ്വയമേവ നല്‍കുന്ന വിവരങ്ങളിലൂടെ ചികിത്സാ തീരുമാനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ എടുക്കുന്നതിനും രോഗസാധ്യത നേരത്തേ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ.ജ്യോതിദേവ് കേശവദേവിനൊപ്പം കര്‍ണാലിലെ ഭാരതി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. സഞ്ജയ് കല്‍റ, മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ.വിശ്വനാഥന്‍ മോഹന്‍, ഗംഗാനഗര്‍ താന്തിയ ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. അതുല്‍ ധിംഗ്ര, ന്യൂഡല്‍ഹി മാക്സ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ദിനേശ് ഖുള്ളര്‍, ഹൈദരാബ്ദ് കെയര്‍ ഹോസ്പിറ്റലിലെ സീനിയന്‍ കണ്‍സള്‍ട്ടന്‍റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. കീര്‍ത്തികുമാര്‍ ഡി. മോദി, ഗുവാഹത്തി അപ്പോളോ എക്സല്‍കെയര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മനാഷ് പി ബറുവ, ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. പ്രമീള കല്‍റ, മുംബൈ സൈഫി ഹോസ്പിറ്റല്‍, എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ കണ്‍സള്‍ട്ടന്‍റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ഷെഹിയ ഷെയ്ഫ്, തിരുവനന്തപുരം പിആര്‍എസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായര്‍, ഡല്‍ഹി സിഇഡിഎആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ ഡോ. ദീപ് ദത്ത, സിഎംസി വെല്ലൂരിലെ കണ്‍സള്‍ട്ടന്‍റ് എന്‍ഡോക്രൈനോളജിസ്റ്റും മേധാവിയുമായ ഡോ. നിതിന്‍ കപൂര്‍ എന്നിവരാണ ഈ ഉപകരണത്തിന്‍റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

5000 രോഗികളുടെ യഥാര്‍ത്ഥ ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡല്‍ ആദ്യം വിലയിരുത്തിയത്. തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പേരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വെര്‍ച്ച്വല്‍ കൂട്ടായ്മയിലും പരീക്ഷിച്ചു. ഇന്ത്യന്‍ ജനസംഖ്യയുടെ പ്രായ-ലിംഗ ഘടനയും പ്രമേഹവ്യാപനവും അടിസ്ഥാനമാക്കിയാണ് ഈ വെര്‍ച്വല്‍ കൂട്ടായ്മ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വ്യത്യസ്ത വിഭാഗങ്ങളിലുള്ള രോഗികളിലും വിവിധ റിസ്ക് വിഭാഗങ്ങളിലും ഈ ഉപകരണം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിപുലമായ പഠനം തെളിയിച്ചതായി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹ രോഗികളിലെ ഹൃദയ-വൃക്ക രോഗസാധ്യത കൂടുതല്‍ സമഗ്രമായി വിലയിരുത്താന്‍ പുതിയ സമീപനം ആവശ്യമായിരുന്നെന്നും നിലവിലെ മോഡലുകള്‍ക്ക് ചില പരിമിതികള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈപ്പ് 2 പ്രമേഹരോഗികളിലെ ഹൃദയ-വൃക്ക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണത്തിന്‍റെ പ്രവര്‍ത്തനം. ജനസംഖ്യാപരമായ വിവരങ്ങള്‍, കുടുംബചരിത്രം, മെഡിക്കല്‍-ലബോറട്ടറി പരിശോധനാ വിവരങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അല്‍ഗോരിതം അവ വിശകലനം ചെയ്ത് റിസ്ക് സ്കോര്‍ നിര്‍ണയിക്കുന്നു.

എച്ച്ബിഎ1സി, എസ്ബിപി, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്സ്, പുകവലി, മദ്യപാനം, ലബോറട്ടറി പരിശോധനകള്‍ എന്നിങ്ങനെയുള്ള എല്ലാ ബയോമാര്‍ക്കറുകളും ഉള്‍പ്പെടുത്തിയാണ് ഈ ഉപകരണം വിലയിരുത്തല്‍ നടത്തുന്നത്.


ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൃദയ-വൃക്ക സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി രോഗികളെ വിവിധ റിസ്ക് വിഭാഗങ്ങളായി തരംതിരിക്കുന്ന കോമ്പോസിറ്റ് സ്കോര്‍ അല്‍ഗോരിതം സൃഷ്ടിക്കും. പൂജ്യം മുതല്‍ 100 വരെയുള്ള ഈ സ്കോറില്‍ ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്നവര്‍ക്ക് ഭാവിയില്‍ ഹൃദയ-വൃക്ക സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തും.

Photo Gallery