ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയില്‍ എഐ സാങ്കേതികവിദ്യ നിര്‍ണായകമെന്ന് വിദഗ്ധര്‍

Trivandrum / July 12, 2026

തിരുവനന്തപുരം: പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗമായ ഡയബറ്റിക് റെറ്റിനോപ്പതിയുടെ പരിശോധനയിലും ചികിത്സയിലും എഐ സാങ്കേതികവിദ്യ വലിയ മാറ്റം സൃഷ്ടിക്കുന്നതായി പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

കോവളത്തെ ഉദയ സമുദ്രയില്‍ നടന്ന മൂന്ന് ദിവസത്തെ ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷന്‍റെ പതിനാലാം പതിപ്പിനോടനുബന്ധിച്ച് ഡയബറ്റീസ് നേത്രപരിചരണത്തില്‍ എഐയുടെ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഈ രോഗം പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി ഉയര്‍ന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജിയുടെയും ഡയബറ്റിസ് ഇന്ത്യയുടെയും ഫെലോ കൂടിയായ ഡോ. ജ്യോതിദേവ് എഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗില്‍ പുതുയുഗത്തിന് തുടക്കമായെന്നും അഭിപ്രായപ്പെട്ടു.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറത്തിന്‍റെ (ജെപിഇഎഫ്) ഓര്‍ഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിന്‍റെ നേതൃത്വത്തില്‍ ജൂലൈ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടക്കുന്നത്. സംഘാടക ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ സംഘാടകരാണ്.

'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' എന്നതാണ്  ത്രിദിന ഡയബറ്റിസ് കണ്‍വെന്‍ഷന്‍റെ പ്രമേയം. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

എഐയുമായി ബന്ധിപ്പിച്ച കയ്യില്‍ കൊണ്ടുനടക്കാവുന്ന വൈഡ്-ഫീല്‍ഡ് റെറ്റിനല്‍ ഇമേജിംഗ് ഉപകരണമായ ഫണ്ടസ് ഓണ്‍ ഫോണ്‍, നേത്രവിദഗ്ധരുടെ പരിചരണം ആവശ്യമുള്ള രോഗികളെ വേഗത്തില്‍ കണ്ടെത്താനും വിപുലമായ റെറ്റിനല്‍ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു. എഫ്ഒപി എന്‍എം10 സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതവും കയ്യില്‍ കൊണ്ടുനടക്കാവുന്നതുമായ ക്യാമറയാണ്. ഇതില്‍ ഓണ്‍-ദ-എഡ്ജ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പരിശോധന നടത്താന്‍ കഴിയുന്നതിലൂടെ ആശുപത്രികള്‍ക്ക് പുറത്തും നേത്രപരിശോധന എളുപ്പത്തില്‍ ഇത് സാധ്യമാകുന്നു. ഓണ്‍-ദി-എഡ്ജ് എഐ ഘടിപ്പിച്ച പോര്‍ട്ടബിള്‍ ഫണ്ടസ് ക്യാമറകള്‍ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശകലനം ചെയ്ത് പത്ത് സെക്കന്‍റിനകം റഫറല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ സഹായത്തോടെ നടത്തുന്ന റെറ്റിന പരിശോധനയിലൂടെ പ്രായാധിക്യവുമായി ബന്ധപ്പെട്ട കാഴ്ചപ്രശ്നമായ മാക്കുലാര്‍ ഡീജനറേഷന്‍, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ ഒറ്റ രോഗനിര്‍ണയത്തിനപ്പുറം ഇതിന്‍റെ പ്രയോജനം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രീകരണം, എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സൗകര്യം, ഓഫ് ലൈന്‍ എഐ അല്‍ഗോരിതം എന്നിവ കൂടിച്ചേര്‍ന്നതാണ് ഈ സംവിധാനം. ഇതിലൂടെ വിദൂര പ്രദേശങ്ങളിലും പരിമിത സൗകര്യങ്ങളുള്ള മേഖലകളിലും കൃത്യമായ നേത്രപരിശോധന സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമാകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിയെന്നും പ്രമേഹമുള്ള അഞ്ച് പേരില്‍ ഒരാള്‍ക്കെങ്കിലും ഇതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എഎംഡി കണ്ടെത്തുന്നതില്‍ എഫ്ഒപി എന്‍എം-10 മികച്ച കൃത്യത കാട്ടിയിട്ടുണ്ടെന്നും ഇന്ത്യയില്‍ എഎംഡി സ്ക്രീനിങ്ങിന് സിഡിഎസ്സിഒയുടെ അംഗീകാരം ലഭിച്ച ഏക എഐ സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയോസ് ഗ്ലോക്കോമ എഐ എന്ന മറ്റൊരു എഐ പ്ലാറ്റ് ഫോമും ഗ്ലോക്കോമ കണ്ടെത്തുന്നതില്‍ മികച്ച ഫലം കാഴ്ചവെച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ യൂണിയനിലും സിംഗപ്പൂരിലും ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഡോ. ജ്യോതിദേവ് പറഞ്ഞു. സിഡിഎസ് സിഒയുടെ അംഗീകാരം ലഭിച്ച ആദ്യത്തെയും ഒരേയൊരു എഐ അധിഷ്ഠിത ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

Photo Gallery