ലോകകപ്പ് ആവേശം നിറച്ച് ടെക്നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്

Trivandrum / July 3, 2026

തിരുവനന്തപുരം: ലോകമെമ്പാടും ഫുട്ബോള്‍ ആവേശം അലയടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്കികള്‍ക്കായി ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.  

ഡെക്കാത്തലോണുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിധ്വനി വേള്‍ഡ് കപ്പ് ഫാന്‍സ് ടൂര്‍ണമെന്‍റില്‍ ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, റെസ്റ്റ് ഓഫ് ദി വേള്‍ഡ് തുടങ്ങിയ ടെക്കികള്‍ രൂപീകരിച്ച ഫാന്‍സ് ടീമുകളാണ് മത്സരിച്ചത്.

ആദ്യ സെമിഫൈനലില്‍ പോര്‍ച്ചുഗല്‍ ഫാന്‍സ് ടീം അര്‍ജന്‍റീന ഫാന്‍സ് ടീമിനെ പരാജയപ്പെടുത്തി. രണ്ടാം സെമിഫൈനലില്‍ റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമിനെ പരാജയപ്പെടുത്തി ബ്രസീല്‍ ടീം ഫൈനലിലെത്തി. പോര്‍ച്ചുഗല്‍ ഫാന്‍സ് ടീമിനെ പരാജയപ്പെടുത്തി ഫൈനലില്‍ ബ്രസീല്‍ ഫാന്‍സ് ടീം കിരീടം സ്വന്തമാക്കി.

പരിപാടിയുടെ ഭാഗമായി വനിതാ ടെക്കികള്‍ക്കായി സംഘടിപ്പിച്ച ഷൂട്ട്-ഒട്ട് മത്സരത്തില്‍ നിഖില ജേതാവായി. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ തേജസ്വിനി ബില്‍ഡിംഗില്‍ നിന്നും ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലേക്ക് ലോകകപ്പിന്‍റെ ആവേശമുണര്‍ത്തുന്ന വര്‍ണാഭമായ റാലിയും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് നിരവധി ടെക്കികള്‍ റാലിയില്‍ പങ്കെടുത്തു.

കായിക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ലോകകപ്പിന്‍റെ ആവേശം ടെക് സമൂഹവുമായി പങ്കിടുന്നതിനുമായാണ് പ്രതിധ്വനി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.

Photo Gallery

+
Content
+
Content