എബോള വ്യാപനം തടയുന്നതില്‍ ബ്രിക്-ആര്‍ജിസിബിയുടെ പങ്ക് നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

ബ്രിക്-ആര്‍ജിസിബി സന്ദര്‍ശിച്ച് കെ.മുരളീധരന്‍
Trivandrum / June 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് എബോള വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്‍റര്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യിലെ ഗവേഷണ സൗകര്യങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായി ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

ബ്രിക്-ആര്‍ജിസിബിയുടെ ആക്കുളം ക്യാമ്പസ് സന്ദര്‍ശിച്ച മന്ത്രി സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയില്‍ സ്ഥാപനത്തിന് സുപ്രധാന പങ്കുള്ളതായി വ്യക്തമാക്കി. 'ആരോഗ്യകരമായ കേരളം' എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം കൈവരിക്കാന്‍ ബ്രിക്-ആര്‍ജിസിബിയിലെ അത്യാധുനിക സൗകര്യങ്ങള്‍ ഏറെ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നിന്നുള്ള സാമ്പിളുകള്‍ എത്തിച്ച ശേഷം 12 മണിക്കൂറിനുള്ളില്‍ തന്നെ ഇവിടെ എബോള പരിശോധന നടത്താന്‍ സാധിച്ചു. പൂനെയിലെ ലാബില്‍ നിന്നുള്ള അന്തിമ ഫലം വരുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തന്നെ സാമ്പിള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിച്ച മന്ത്രി, സംസ്ഥാനത്ത് ഇതുവരെ രണ്ടാമതൊരു എബോള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു. ബിഎസ്എല്‍ ത്രീ, നാഷണല്‍ ഫെസിലിറ്റി ഫോര്‍ റീകോമ്പിനന്‍റ് സെല്‍സ് ആന്‍ഡ് സെന്‍സേഴ്സ്, മലേറിയ റിസര്‍ച്ച് ലബോറട്ടറി എന്നിവ ഉള്‍പ്പെടെയുള്ള ക്യാമ്പസിലെ വിവിധ ഗവേഷണ-പരിശോധനാ സൗകര്യങ്ങള്‍ മന്ത്രി നോക്കിക്കണ്ടു.

ചടങ്ങില്‍ ബ്രിക്-ആര്‍ജിസിബിയുടെ നേട്ടങ്ങളെയും വളര്‍ച്ചയെയും സംബന്ധിച്ച് ഡയറക്ടര്‍ ഡോ. ബീന പിള്ള വിശദമായ അവതരണം നടത്തി. ഹൃദ്രോഗം, എച്ച്പിവി (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) വാക്സിന്‍, മലേറിയ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച അവര്‍ ഭാവിയില്‍ ബ്രിക്-ആര്‍ജിസിബി മാനസികാരോഗ്യ രംഗത്തും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കി.

എഐ അധിഷ്ഠിത ആര്‍എന്‍എ, പ്രോട്ടീന്‍ പേറ്റന്‍റബിള്‍ ബയോ മാനുഫാക്ചറിംഗ് ഉത്പ്പന്നങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നടക്കുന്ന വികസനങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.

കാന്‍സര്‍ ഗവേഷണത്തിന്‍റെ ഭാഗമായി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ബ്രിക്-ആര്‍ജിസിബി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും ഡോ. ബീന പിള്ള വ്യക്തമാക്കി.

ബ്രിക്-ആര്‍ജിസിബിയിലെ പകര്‍ച്ചവ്യാധി പരിശോധന സംവിധാനങ്ങളെ സംബന്ധിച്ച് ഗ്രേഡ് വണ്‍ വൈറോളജി എല്‍എംഎംഡി മേധാവി ഡോ. ആര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Photo Gallery

+
Content
+
Content
+
Content
+
Content