വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കെഎസ് യുഎം ശില്പശാല സംഘടിപ്പിച്ചു
Kochi / June 23, 2026
കൊച്ചി: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ നേതൃപരമായ കഴിവുകളും സംരംഭകത്വശേഷിയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ശില്പശാല സംഘടിപ്പിച്ചു. വി-സ്റ്റാര്‍ട്ട് പ്രീ-ഇന്‍കുബേഷന്‍ പ്രോഗ്രാം-കോഹോര്‍ട്ട് 3 യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യക്തിത്വാധിഷ്ഠിത നേതൃത്വ വികസനത്തെക്കുറിച്ചുള്ള സെഷന് മൈന്‍ഡ്കാര്‍ട്ടര്‍ സിഇഒ അമര്‍ രാജന്‍ നേതൃത്വം നല്കി. ആശയവിനിമയം, തീരുമാനമെടുക്കല്‍, ടീം മാനേജ്‌മെന്റ് എന്നിവയില്‍ വനിതാ സംരംഭകരുടെ വ്യക്തിത്വം സ്വാധീനിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏജന്റിക് എഐ ടെക്‌നിക്കുകളുടെ പിന്തുണയുള്ള സൈക്കോമെട്രിക് വിലയിരുത്തലുകളും വ്യക്തിത്വ മാപ്പിംഗും ഇതിന്റെ ഭാഗമായുണ്ടായി.
''ഡിസ്ട്രസ് ടു ഡയറക്ഷന്‍: എ ക്രൈസിസ് മാനേജ്മെന്റ് വര്‍ക്ക്ഷോപ്പ് ഫോര്‍ വിമന്‍ ഫൗണ്ടേഴ്സ്'' എന്ന വിഷയത്തിലെ സെഷന് തോംസണ്‍ റോയിട്ടേഴ്‌സിന്റെയും ഡച്ച് ബാങ്കിന്റെയും മുന്‍ മാനേജിംഗ് ഡയറക്ടറും കോര്‍പ്പറേറ്റ്-ടു-സ്റ്റാര്‍ട്ടപ്പുകളുടെ ഡയറക്ടറുമായ സന്ധ്യ വാസുദേവന്‍ നേതൃത്വം നല്കി. സ്റ്റാര്‍ട്ടപ്പ് വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും മറികടക്കുന്നതിലുള്ള പ്രായോഗികവശങ്ങള്‍ ചര്‍ച്ച ചെയ്തു.
വ്യക്തിഗത സ്‌കോര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വ്യക്തിത്വ വിലയിരുത്തല്‍ പ്രവര്‍ത്തനം ഇതിന്റെ ഭാഗമായുണ്ടായിരുന്നു.
നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം പങ്കെടുത്ത വനിതാ സംരംഭക പരിപാടിയിലെ വ്യത്യസ്ത സാന്നിധ്യമായി.
പ്രായോഗിക തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളെ മറികടക്കാനും വനിതാ സംരംഭകരെ പ്രാപ്തരാക്കുക, സുസ്ഥിര സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി ശാക്തീകരിക്കുക തുടങ്ങിയവയും ശില്പശാലയിലൂടെ ലക്ഷ്യമിട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയുള്ള വനിതാ സംരംഭകര്‍ക്കിടയിലെ നെറ്റ് വര്‍ക്കിംഗിനും പരിപാടി വേദിയായി.
Photo Gallery