കേരളം ആസ്ഥാനമായ സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന് ആഗോള അംഗീകാരം

Trivandrum / June 23, 2026

തിരുവനന്തപുരം: ഡിജിറ്റല്‍ സുരക്ഷ- ഉത്തരവാദിത്തപരമായ സാങ്കേതികവിദ്യ എന്നിവയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന് (സിഡിഎഫ്) പ്രിക്സ് ആര്‍സ് ഇലക്ട്രോണിക്ക 2026 ന്‍റെ അംഗീകാരം ലഭിച്ചു. ആഗോള പ്രശസ്തി നേടിയിട്ടുള്ള മീഡിയ ആര്‍ട്സ് മത്സരങ്ങളിലൊന്നായ പ്രിക്സ് ആര്‍സ് ഇലക്ട്രോണിക്ക 2026 ന്‍റെ ഡിജിറ്റല്‍ മാനവികത വിഭാഗത്തിലാണ് സിഡിഎഫിന് അംഗീകാരം ലഭിച്ചത്.

സമീപകാലത്ത് വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പരിഹാരം കണ്ടെത്താനും തടയാനും സഹായിക്കുന്ന സിഡിഎഫിന്‍റെ പ്രോട്ടോടൈപ്പ് പ്ലാറ്റ് ഫോമായ 'മാര്‍ഗി' യാണ് സിഡിഎഫിനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. ഡിജിറ്റല്‍ മാനവികത വിഭാഗത്തിലെ 754 എന്‍ട്രികളില്‍ നിന്ന് 'മാര്‍ഗി' യെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയില്‍ ഡിജിറ്റല്‍ കുറ്റകൃത്യങ്ങളുടെ കുത്തനെയുള്ള വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നതെന്നത് ശ്രദ്ധേയം. ഓസ്ട്രിയ ആസ്ഥാനമായുള്ള ആര്‍സ് ഇലക്ട്രോണിക്ക 1987 മുതല്‍ വിവിധ മേഖലകളില്‍ ഈ അംഗീകാരം നല്കുന്നുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, പീഡനം, വഞ്ചന, സ്വകാര്യതാ ലംഘനങ്ങള്‍, ലൈംഗിക പീഡനം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, ഒരാളുടെ സമ്മതം കൂടാതെയുള്ള അയാളുടെ ഫോട്ടോപ്രദര്‍ശനം  തുടങ്ങിയവയ്ക്കെതിരായ ഒരു ബദല്‍ ഡിജിറ്റല്‍ ആവാസവ്യവസ്ഥയായാണ് മാര്‍ഗിയെ വിഭാവനം ചെയ്തിരിക്കുന്നത്. 'മാര്‍ഗി ' യെ ഒരു സമ്പൂര്‍ണ്ണ കമ്മ്യൂണിറ്റി-സോഴ്സ്ഡ് എക്കോസിസ്റ്റത്തിലേക്ക് മാറ്റാന്‍ സിഡിഎഫ് പങ്കാളികളെ തേടുന്നുണ്ട്.

ഇന്ത്യയിലുടനീളം നിര്‍മ്മിക്കപ്പെടുന്ന എല്ലാ സൗജന്യ, ഓപ്പണ്‍-ആക്സസ് പ്രതിരോധ ഉറവിടങ്ങളും പരിഹാരങ്ങളും കമ്മ്യൂണിറ്റി-സോഴ്സ് ചെയ്യാനും മാപ്പ് ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഉപയോക്താക്കള്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അവരുടെ സ്വന്തം ഭാഷയില്‍ പ്രാദേശികമോ ദേശീയമോ ആയി ഈ പ്ലാറ്റ് ഫോമിലൂടെ സഹായം ലഭ്യമാകും. ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും മാധ്യമങ്ങള്‍ക്കും ആവശ്യമായ വിവരങ്ങളുടെ ഉറവിടമായി 'മാര്‍ഗി' പ്രവര്‍ത്തിക്കും.

2025-ല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 24% വര്‍ദ്ധിച്ചതായി നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കാരണം ഇന്ത്യക്കാര്‍ക്ക് 22,495 കോടിയിലധികം രൂപ നഷ്ടപ്പെട്ടു. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ 2020 നും 2024 നും ഇടയില്‍ 118% വര്‍ദ്ധിച്ചുവെന്നും ഈ പോര്‍ട്ടല്‍ ചൂണ്ടിക്കാട്ടുന്നു.

 സൗജന്യ, ഓപ്പണ്‍-സോഴ്സ്, ഓപ്പണ്‍-ആക്സസ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമായി വിഭാവനം ചെയ്തിരിക്കുന്ന 'മാര്‍ഗി' യെ ഒരു എഡിറ്റോറിയല്‍ കൂട്ടായ്മയാണ് നിയന്ത്രിക്കുന്നത്. കൂടാതെ വലിയ ടെക് കമ്പനികളില്‍ നിന്നുള്ള ഫണ്ടിംഗ് ഈ പ്ലാറ്റ് ഫോം സ്വീകരിക്കുന്നില്ല.

ഇന്നത്തെ ലോകത്തില്‍ നിന്ന് വേഗത്തില്‍ അപ്രത്യക്ഷമാകുന്ന പല ഗുണങ്ങളേയും അതിന്‍റെ ഏറ്റവും അസംസ്കൃത രൂപത്തില്‍ പ്രിക്സ് ആര്‍സ് ഇലക്ട്രോണിക്ക സംരക്ഷിക്കുന്നതായി സിഡിഎഫിന്‍റെ സഹസ്ഥാപകയായ നിധി സുധന്‍ പറഞ്ഞു. വിയോജിപ്പിന്‍റെയും ബദല്‍ സാധ്യതകളുടേയും സൃഷ്ടിപരമായ ഭാവനകളുടെ കൂട്ടത്തില്‍  സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍റെ മാര്‍ഗി പരാമര്‍ശിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അവിശ്വസനീയമായ ബഹുമതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിഡിഎഫ് സഹസ്ഥാപക നിധി സുധന്‍റെ നേതൃത്വത്തില്‍ പ്രണവ് ജെറി, ഫര്‍സാന സിമ്രാന്‍ അന്‍സരുദീന്‍ എന്നിവരാണ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. രോഹിണി നിലേക്കാനി ഫിലാന്ത്രോപ്പീസും ഐഐഎം ബാംഗ്ലൂരിലെ എന്‍എസ്ആര്‍സിഇഎല്ലും ഇതിനെ പിന്തുണച്ചു.

സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ നടക്കുന്ന ആര്‍സ് ഇലക്ട്രോണിക്ക ഫെസ്റ്റിവല്‍ 'നെഗോഷ്യേറ്റിംഗ് ഹ്യുമാനിറ്റി' യില്‍ സിഡിഎഫിന്‍റെ പ്രോജക്റ്റ് പ്രദര്‍ശിപ്പിക്കും.

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിതവും കൂടുതല്‍ ഉത്തരവാദിത്തവും തുല്യവുമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ് സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍. വിവരസാങ്കേതികവിദ്യ സാക്ഷരതയും ഉത്തരവാദിത്തമുള്ള നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ-പൊതു പങ്കാളികളുമായി ചേര്‍ന്നിത് പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.margiindia.in | www.citizendigitalfoundation.org

മീഡിയ കോണ്‍ടാക്റ്റ്:  hello@citizendigitalfoundation.org

Photo Gallery