ബൻസൺ തോമസ് ജോർജ്ജ് ; ആഗോള റോബോട്ടിക്‌സ് മത്സരത്തിന്റെ ജഡ്ജിങ് പാനലിലെ മലയാളി
Kochi / June 26, 2026
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ എസ് ടി ഇ എം (സ്റ്റെം - സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) പ്രോത്സാഹക സംഘടനയായ 'ഫസ്റ്റ്' (FIRST- For Inspiration and Recognition of Science and Technology) അമേരിക്കയിലെ ഇൻഡിയാനയിൽ സംഘടിപ്പിക്കുന്ന പ്രമുഖ രാജ്യാന്തര മത്സരത്തിന്റെ വിധിനിർണയ സമിതിയിലേക്ക് പ്രമുഖ റോബോട്ടിക്‌സ് വിദഗ്ദ്ധനും ദുബായ് ആസ്ഥാനമായ യൂണീക് വേൾഡ് റോബോട്ടിക്‌സ് സ്ഥാപകനുമായ ബൻസൺ തോമസ് ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാർട്ടപ്പ് ആണ് യുണിക് വേൾഡ് റോബോട്ടിക്സ്.
ആഗോള സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ഉന്നതതല പാനലിലെ ഏക ഇന്ത്യൻ പൗരനും മലയാളിയും ബൻസൺ തോമസ് ജോർജ്ജ് ആണെന്നത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനും കേരളത്തിനും അഭിമാനമാണ്.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതികവിദ്യകളിൽ നേരിട്ട് പ്രായോഗിക പരിചയം നേടാനും സമൂഹത്തെ സ്വാധീനിക്കുന്ന പ്രോജക്ടുകൾ വികസിപ്പിക്കാനും എഫ് ടിസി പോലുള്ള വേദികൾ വലിയ അവസരമാണ് നൽകുന്നതെന്ന് ബൻസൺ തോമസ് ജോർജ്ജ് പറഞ്ഞു. ഈ വിധി നിർണയ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിക്കാൻ സാധിച്ചതും ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്ര സാങ്കേതിക മേഖലകളിൽ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള സംഘടനയായ 'ഫസ്റ്റ്', 12 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരമാണ് 'ഫസ്റ്റ് ടെക് ചലഞ്ച്'. യുഎസിലെ ഇൻഡിയാന സ്റ്റേറ്റിലെ സൗത്ത് ബെൻഡിൽ നടന്ന 'എഫ്ടിസി മിഷിഗാനാ പ്രീമിയർ ഇവന്റ് 2026' ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 106 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്.
റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി (എഐ), സ്‌പേസ് ടെക്, ഐഒടി , എആർ/വിആർ, പ്യൂർ സയൻസ്, ഗണിത ശാസ്ത്രം തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടനയ്ക്ക് നാസ, യു.എസ് പ്രതിരോധ വകുപ്പ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്‌ല, ഓപ്പൺ എഐ തുടങ്ങിയ നൂറിലധികം ഫോർച്യൂൺ 500 കമ്പനികളുടെ പിന്തുണയുണ്ട്.
'ഫസ്റ്റ്' പ്രധാനമായും മൂന്ന് ആഗോള മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്: ഫസ്റ്റ് ടെക് ചലഞ്ച് , ഫസ്റ്റ് റോബോട്ടിക്സ് കോമ്പറ്റീഷൻ, ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് എന്നിവയാണവ.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ റോബോട്ടുകളുടെ നിർമ്മാണം (രൂപകൽപ്പന, കോഡിങ്, നവീകരണം), എഞ്ചിനീയറിംഗ് പ്രോസസ്സ്, ഡോക്യുമെന്റേഷൻ, ടീം വർക്ക്, കമ്മ്യൂണിറ്റി സ്വാധീനം എന്നിവ കർശനമായ മാനദണ്ഡങ്ങളിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ എം.ഐ.റ്റി ബോസ്റ്റൺ , യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ, കാർനെഗി മെലൻ, സ്റ്റാൻഫോർഡ് തുടങ്ങിയ മുൻനിര ആഗോള സർവകലാശാലകളിൽ പ്രവേശനത്തിന് അവസരം ലഭിക്കും. ഏകദേശം 80 മില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള സ്കോളർഷിപ്പുകളും ഇവരെ കാത്തിരിക്കുന്നു.
ഡെവലപ്‌മെന്റ്, ഇന്നവേഷൻ, കണക്ട്, ഔട്ട്രീച്ച്/ഇംപാക്ട്, സസ്റ്റൈനബിലിറ്റി, മാച്ച് പെർഫോമൻസ് എന്നീ ആറ് പ്രധാന അവാർഡ് വിഭാഗങ്ങളിലാണ് ടീമുകളുടെ ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ ബൻസൺ തോമസ് ജോർജ്ജ് ഉൾപ്പെട്ട വിധികർത്താക്കളുടെ പാനൽ വിലയിരുത്തുന്നത്.
Photo Gallery