തീര്‍ത്ഥാടന-പൈതൃക ടൂറിസം: ബജറ്റ് നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമെന്ന് എസ്കെഎച്ച്എഫ്
Trivandrum / June 19, 2026
തിരുവനന്തപുരം: തീര്‍ത്ഥാടന-പൈതൃക ടൂറിസത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയതിനെ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്) സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി സ്വാഗതം ചെയ്തു. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുന്നതാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ തിരുപ്പതി മാതൃകയില്‍ വികസിപ്പിക്കാനുള്ള നിര്‍ദേശം പ്രശംസനീയമാണ്. വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും കേരളത്തിലുടനീളമുള്ള ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്താനും തീര്‍ത്ഥാടന ടൂറിസത്തിന് വലിയ സാധ്യതകളുണ്ട്.
ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വികസനം സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ആത്മീയ, സാംസ്കാരിക, പൈതൃക ടൂറിസം കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജറ്റിലെ ടൂറിസം പ്രഖ്യാപനങ്ങളെ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം) സിഇഒ സിജി നായരും പ്രകീര്‍ത്തിച്ചു. ജിടിഎം 2026 ലെ ഉദ്ഘാടന ചടങ്ങില്‍ ടൂറിസം മന്ത്രി നടത്തിയ നിരവധി ഉറപ്പുകള്‍ പുതുക്കിയ ബജറ്റ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം അടിസ്ഥാന സൗകര്യ വികസനം, മാരിടൈം ടൂറിസം, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍, സുസ്ഥിര ഗതാഗതം, പൈതൃക സംരക്ഷണം എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യം ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുളള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ്. അതേസമയം മറ്റ് ആഭ്യന്തര-അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കാന്‍ കേരളത്തിന് കൂടുതല്‍ മാര്‍ക്കറ്റിംഗ് ക്യാമ്പെയ്നുകള്‍ വേണം. ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും കേരളത്തിന്‍റെ ടൂറിസം ബ്രാന്‍ഡ് ശക്തിപ്പെടുത്താനുമുള്ള പ്രചാരണങ്ങള്‍ക്കായി കൂടുതല്‍ വിഹിതം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.