ഐബിഎസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഐബിഎസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / October 17, 2022
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ടെക്നോളജി കമ്പനികളിലൊന്നായ ഐബിഎസ് സോഫ്റ്റ്വെയര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1997 ല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 8000 ചതുരശ്ര അടി കെട്ടിടത്തില്‍ പരിചയസമ്പന്നരല്ലാത്ത 55 എന്‍ജിനീയര്‍മാരുമായി ആരംഭിച്ച ഐബിഎസിന്‍റെ ആഗോള സോഫ്റ്റ്വെയര്‍ പ്രൊഡക്ട് കമ്പനിയായുള്ള വളര്‍ച്ച ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രചോദനാത്മകമായ ബിസിനസ് വിജയഗാഥകളില്‍ ഒന്നാണ്.
ഐബിഎസിന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ ആഗോള ഉപഭോക്താക്കള്‍, ബിസിനസ് നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 500 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ഐടി സേവനങ്ങള്‍ക്ക് പേരുകേട്ട രാജ്യത്ത്, ആഗോള കമ്പനികള്‍ക്കെതിരെ മത്സരിച്ച് ദീര്‍ഘകാലമായി വിജയകരമായി സേവനമനുഷ്ഠിക്കുന്ന ഐടി പ്രൊഡക്ട് കമ്പനിയെന്ന നിലയില്‍ ഐബിഎസ് വേറിട്ടുനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനുകള്‍, ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍, മുന്‍നിര ഓയില്‍-ഗ്യാസ് കമ്പനികള്‍, പ്രമുഖ ക്രൂയിസ് ലൈനുകള്‍, പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന കമ്പനിയാണ് ഇന്ന് ഐബിഎസ്. ഐബിഎസ് നല്‍കുന്ന സൊല്യൂഷന്‍ ഈ കമ്പനികളെ സംബന്ധിച്ച് നിര്‍ണായകമാണ്.
ഐബിഎസിന് 30 രാജ്യങ്ങളില്‍ നിന്നുള്ള 3500 ലധികം ജീവനക്കാര്‍ എല്ലാ വന്‍കരകളിലെയും ഓഫീസുകളിലായി ഉണ്ട്. 20 പ്രമുഖ എയര്‍ലൈനുകളില്‍ 14 എണ്ണം, ഏറ്റവും വലിയ 5 ക്രൂയിസ് ലൈനുകളില്‍ 2 എണ്ണം, മികച്ച 5 എണ്ണ കമ്പനികളില്‍ 4 എണ്ണം, ഏറ്റവും വലിയ 20 ഹോട്ടല്‍ ശൃംഖലകളില്‍ 5 എണ്ണം എന്നിവയുള്‍പ്പെടെ 150 സജീവ ഉപഭോക്താക്കളുമായി 40 രാജ്യങ്ങളില്‍ ഐബിഎസിന് ബിസിനസ് സാന്നിധ്യമുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഐബിഎസിന് ഏഴ് കമ്പനികളെ (യൂറോപ്പ്, യുഎസ്എ, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍) ഏറ്റെടുത്ത് സോഫ്റ്റ്വെയര്‍ പോര്‍ട്ട്ഫോളിയോയും ആഗോളനിലവാരത്തിനുതകും വിധം കഴിവുകളും മെച്ചപ്പെടുത്താനായി. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണിന് ഐബിഎസ് സോഫ്റ്റ്വെയറില്‍ ഓഹരി പങ്കാളിത്തമുണ്ട്. ക്രെഡിറ്റ് സ്വീസിന്‍റെ 2021 ലെ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ യൂണികോണ്‍ ആയി ഐബിഎസ് റാങ്ക് ചെയ്യപ്പെട്ടു.
യാത്രാ വ്യവസായം, മൂല്യവത്തായ സോഫ്റ്റ്വെയറുകളുടെ രൂപപ്പെടുത്തല്‍, ജീവനക്കാരുടെ പ്രൊഫഷണലിസം, അടിസ്ഥാന മൂല്യങ്ങള്‍, മാറിമാറി വരുന്ന സര്‍ക്കാരുകളുടെയും മറ്റ് പങ്കാളികളുടെയും പിന്തുണ എന്നിവയാണ് ഐബിഎസിന്‍റെ വിജയത്തിനും ദീര്‍ഘകാലമായി മികച്ച രീതിയില്‍ സേവനം തുടരാനും കാരണമെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു.
Photo Gallery
