മില്‍മയ്ക്ക് സ്പൈസ് കോസ്റ്റ് എക്സലന്‍സ് അവാര്‍ഡ്
Trivandrum / June 17, 2026
തിരുവനന്തപുരം: റീട്ടെയില്‍ മേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള സ്പൈസ് കോസ്റ്റ് എക്സലന്‍സ് അവാര്‍ഡ് മില്‍മയ്ക്ക്. സ്പൈസ് കോസ്റ്റ് ലെഗസി അവാര്‍ഡ് വിഭാഗത്തില്‍ ജനപ്രിയ ബ്രാന്‍ഡിനുള്ള പുരസ്കാരത്തിനാണ് മില്‍മയെ തെരഞ്ഞെടുത്തത്. ക്ഷീര സഹകരണ മേഖലയില്‍ മില്‍മ കൈവരിച്ച വിശ്വാസവും ബ്രാന്‍ഡിന്‍റെ സ്വാധീനവും പരിഗണിച്ചാണ് പുരസ്കാരം.
കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ) അല്‍റ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച കേരളം റീട്ടെയില്‍ കോണ്‍ക്ലേവില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അവാര്‍ഡ് ഏറ്റുവാങ്ങി.
കേരളത്തിലെ ക്ഷീരമേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകളാണുള്ളതെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് മില്‍മ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. പാല്‍ ഉല്‍പാദനക്ഷമതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും സംസ്ഥാനത്തെ പാലിന്‍റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇത് ഈ മേഖലയില്‍ വിപുലീകരണത്തിനും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മില്‍മ പദ്ധതിയിടുന്നു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ നേടിയത്. പാലിന്‍റെ വില്‍പന വിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന മാതൃകയാണ് മില്‍മയുടേതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ക്ലേവിന്‍റെ ഭാഗമായി നടന്ന 'ഇന്ത്യയുടെ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിണാമം' എന്ന സെഷനിലും കെ.എസ് മണി സംസാരിച്ചു.
മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, അല്‍റ്റാസിറ്റ് ഗ്ലോബല്‍ സ്ഥാപകനും സിഇഒയുമായ ഡോ. സുധീര്‍ രാജ രവീന്ദ്രന്‍, അസോസിയേറ്റ് പാര്‍ട്ണര്‍ മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡന്‍റ് വിനോദിനി സുകുമാര്‍, വൈസ് പ്രസിഡന്‍റ് ബിബു ബി. പുന്നൂരാന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
Photo Gallery