സര്‍ഗാത്മക സമ്പദ് വ്യവസ്ഥ- ശ്രുതിന്‍ ലാലിന്റെ പ്രഭാഷണവുമായി കെഎസ് യുഎം

Kochi / June 16, 2026

കൊച്ചി: ക്രിയേറ്റീവ് ഇക്കോണമി അഥവാ സര്‍ഗാത്മക സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണത്തില്‍ ആർക്കൈവൽ ആൻഡ് റിസർച്ച് പ്രോജക്റ്റിന്റെ (എപിആര്‍ഒ) സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രുതിൻ ലാൽ സംസാരിക്കും.

കേരളത്തിലെ സാംസ്കാരിക-സർഗ്ഗാത്മക മേഖലകളിൽ സംരംഭകത്വം, നൂതനത്വം, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങള്‍ തുടങ്ങിയവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 19 വെള്ളിയാഴ്‌ച കളമശേരിയിലെ കെഎസ് യുഎം ആസ്ഥാനത്ത് വൈകീട്ട് നാല് മണിക്കാണ് പരിപാടി.

 കെ.എസ്.യു.എം-ന്റെ ക്രിയേറ്റീവ് സെക്ടർ ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടിയില്‍  "സംസ്കാരം ഒരു സംരംഭം: പൈതൃകം, കഥനം, സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ" (കള്‍ച്ചര്‍ ആസ് എന്റര്‍പ്രൈസ്, ഹെറിറ്റേജ്, സ്റ്റോറിടെല്ലിംഗ്, ആന്‍ഡ് ക്രിയേറ്റീവ് എക്കോണമി) എന്ന വിഷയത്തിലാണ് പ്രഭാഷണം. സാംസ്കാരിക പൈതൃകം, കഥന രീതികൾ, പരമ്പരാഗത അറിവുകൾ എന്നിവയെ എങ്ങനെ സുസ്ഥിരമായ ബിസിനസ്സ് സംരംഭങ്ങളായും സാമൂഹിക സ്വാധീനമുള്ള പദ്ധതികളായും മാറ്റാമെന്ന് സെഷൻ വിശദമായി ചർച്ച ചെയ്യും.

സാംസ്കാരിക രംഗത്ത് വിജയകരവും മാതൃകപരവുമായ ബിസിനസ്സ് ശൈലികൾ കെട്ടിപ്പടുത്ത വിദഗ്ധരുമായി സംരംഭകരെയും വിദ്യാർത്ഥികളെയും കലാകാരന്മാരെയും ബന്ധിപ്പിക്കുകയാണ് കെ.എസ്.യു.എം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്കാരം, സർഗ്ഗാത്മകത, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് സ്റ്റാർട്ടപ്പുകളെയും കലാകാരന്മാരെയും ഒത്തിണക്കുന്നതിനായി 'ക്രിയേറ്റീവ് ഇക്കോണമി ഫണ്ട്' രൂപീകരിക്കാനുള്ള ശ്രമങ്ങളും കെ.എസ്.യു.എം നടത്തിവരുന്നുണ്ട്.

ഗവേഷണം, ഡിജിറ്റൽ ആർക്കൈവിംഗ്, കമ്മ്യൂണിറ്റി ഇടപെടലുകൾ എന്നിവയിലൂടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി 2021-ൽ സ്ഥാപിതമായ സംഘടനയാണ് എ.ആർ.പി.ഒ (എപിആര്‍ഒ). ഗോത്രവർഗ്ഗക്കാർ, കലാകാരന്മാർ, ഗവേഷകർ എന്നിവരുമായി സഹകരിച്ച് അധികമാരും അറിയാത്ത ചരിത്രങ്ങളും പാരമ്പര്യങ്ങളും പൊതുസമൂഹത്തിൽ എത്തിക്കാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

താല്പര്യമുള്ളവര്‍ക്ക് സൗജന്യമായി ഈ പ്രഭാഷണത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ksum.in/Preserving_Kerala എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

Photo Gallery