കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ചു അവസരമൊരുക്കിയത് ഗൊയ്ഥെ-സെന്‍ട്രം

Trivandrum / May 31, 2026

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഏഴ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടെസ്റ്റാഗ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് ' വിജയികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിച്ചത്.

തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ സ്കൂളുകളില്‍ നിന്നുള്ള ആലാപ് പാര്‍ട്ടെ, ആദിത്യ സുന്ദരേശന്‍, അനന്തപദ്മനാഭന്‍ ബിലു, അക്ഷയ് ജോര്‍ജ് സാം, മെഹ്രിന്‍ ഖുല്‍സം, വാണി ബൈജു, സുല്‍ത്താന്‍ നെഹാന്‍ മൗലാന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജര്‍മ്മനിയിലെ ചരിത്ര-രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളും സ്മാരകങ്ങളും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.

മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് ' പരിപാടിയിലെ സംവാദങ്ങള്‍, ചര്‍ച്ചകള്‍, നേതൃത്വ പ്രവര്‍ത്തനങ്ങള്‍, പാര്‍ലമെന്‍ററി അവബോധം തുടങ്ങിയവയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

പരിപാടിയുടെ പ്രധാന ആകര്‍ഷണം ബെര്‍ലിനിലെ ബുണ്ടെസ്റ്റാഗിലേക്കുള്ള സന്ദര്‍ശനമായിരുന്നു. മെയ് 18 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച സംഘത്തിന് ഗൊയ്ഥെ-സെന്‍ട്രത്തിലെ ജര്‍മ്മന്‍ ഫാക്കല്‍റ്റി വിദ്യ സുബ്രഹ്മണ്യന്‍ നേതൃത്വം നല്കി.

ജര്‍മ്മന്‍ പാര്‍ലമെന്‍റ് അംഗം റാല്‍ഫ് ബ്രിങ്ക്ഹൗസിനെ കാണാനും തത്സമയ പാര്‍ലമെന്‍ററി സെഷനില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. ജര്‍മ്മന്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങളെക്കുറിച്ച് അവബോധം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സഹായകമായി.

ജര്‍മ്മന്‍ പാര്‍ലമെന്‍റ് അംഗമായ റാല്‍ഫ് ബ്രിങ്ക്ഹൗസ് വിദ്യാര്‍ത്ഥികള്‍ക്കായി സമയം മാറ്റിവച്ചത് അത്ഭുതപ്പെടുത്തിയതായും അത്തരം മനുഷ്യരുടെ മികച്ച ഇടപെടല്‍ അനുഭവിക്കാനായത് പുതുമയായിരുന്നെന്നും ആദിത്യ പറഞ്ഞു.

ബെര്‍ലിന്‍ മതിലിന് മുന്നില്‍ നില്‍ക്കാനും നഗരത്തിന്‍റെ ചരിത്രപരമായ വാസ്തുവിദ്യ കണ്ടു മനസ്സിലാക്കാനും സാധിച്ചത് അവിശ്വസനീയമായി തോന്നിയതായി മെഹ്രിന്‍ പറഞ്ഞു.

സാക്സെന്‍ഹൗസന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് മെമ്മോറിയല്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും യാത്ര ചെയ്തു.

ജര്‍മ്മനിയുടെ ചരിത്രം പുസ്തകങ്ങളിലൂടെ വായിച്ചറിയുന്നതിനേക്കാള്‍ വ്യത്യസ്തമാണ് നേരിട്ട് അനുഭവിച്ചറിയുന്നതെന്ന് വാണി പറഞ്ഞു.

അഭിമുഖങ്ങള്‍, പുത്തന്‍ ചിന്തകള്‍, മാധ്യമ അസൈന്‍മെന്‍റുകള്‍ എന്നിവയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. ജനാധിപത്യം, ചരിത്രപരമായ ഉത്തരവാദിത്തം, സാംസ്കാരിക ആശയവിനിമയം, യുവാക്കളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി പരിപാടി മാറി.
 
ജര്‍മ്മനിയിലെ ബഹുകക്ഷി ജനാധിപത്യത്തിനെ കുറിച്ച് മനസിലാക്കാന്‍ വിദ്യാര്‍ത്ഥി സംഘത്തിന് ഇതിലൂടെ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം/കൊച്ചി ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറും കേരളത്തിലെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

കേരളത്തിലെ യുവതയുടെ ആഗോള കാഴ്ചപ്പാടുകളേയും സജീവ പൗരത്വത്തേയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര പഠന അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനായി ഇത്തരം പരിപാടികള്‍ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റ് അംഗങ്ങളുടേയും പാര്‍ട്ടി നേതാക്കളുടെയും നയരൂപീകരണക്കാരുടെയും ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്ന വിധത്തില്‍ രണ്ടു ദിവസത്തെ പരിപാടി ആയാണ് മോഡല്‍ പാര്‍ലമെന്‍റ് രൂപകല്പന ചെയ്തിരുന്നത്.

'ജര്‍മ്മനിയുടെ മുന്നോട്ടുള്ള പാത: അഭയാര്‍ത്ഥി സംരക്ഷണവും കുടിയേറ്റ സംയോജനവും സന്തുലിതമാക്കല്‍' എന്നതായിരുന്നു് മോഡല്‍ പാര്‍ലമെന്‍റിന്‍റെ അജണ്ട. ഇന്തോ-ജര്‍മ്മന്‍ വിദ്യാഭ്യാസ, സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിനൊപ്പം ജനാധിപത്യ സംവിധാനങ്ങളെയും അന്താരാഷ്ട്ര സഹകരണത്തെയും കുറിച്ചുള്ള ധാരണയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭിച്ചു.

ഇന്തോ-ജര്‍മ്മന്‍ ഭാഷാ സാംസ്കാരിക സൊസൈറ്റിയുടെ (ഐജിഎല്‍സിഎസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ ഭാഷാ സാംസ്കാരിക കേന്ദ്രമാണ് ഗൊയ്ഥെ-സെന്‍ട്രം. ഭാഷാ കോഴ്സുകള്‍, സാംസ്കാരിക പരിപാടികള്‍, അക്കാദമിക് സംരംഭങ്ങള്‍, അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ ജര്‍മ്മന്‍ ഭാഷാ പഠനം, സാംസ്കാരിക വിനിമയം, വിദ്യാഭ്യാസ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണിത്.

Photo Gallery

+
Content