ത്രിദിന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ഇന്ന് (ജൂണ്‍ 3) ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

ദക്ഷിണ കേരളത്തിലെ വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും
Trivandrum / June 2, 2026

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പ് ഇന്ന് (ജൂണ്‍ 3) വൈകിട്ട് 6 ന് കോവളം ഉദയസമുദ്ര ഹോട്ടലില്‍ ടൂറിസം സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

 സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഗതാഗത മന്ത്രി സിപി ജോണ്‍, ശ്രീലങ്കന്‍ ടൂറിസം സഹമന്ത്രി പ്രൊഫ. റുവാന്‍ രണസിംഗെ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എം. വിന്‍സെന്‍റ് എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തും.

ജിടിഎമ്മിന്‍റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ ജൂണ്‍ നാലിന് രാവിലെ 10 ന് അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കും.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി  ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കും.

 ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അജയ് ജെയിന്‍, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ അഞ്ജന എം, ഗോവ ടൂറിസം ഡയറക്ടര്‍ കേദാര്‍ എ നായിക്, ടിസിസിഐ പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, എസ്കെഎച്ച്എഫ് പ്രസിഡന്‍റ് എംആര്‍ നാരായണന്‍, സികെടിഐ പ്രസിഡന്‍റ് ഇഎം നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് ശിശുപാലന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ജൂണ്‍ 4 ന് ഹോസ്പിറ്റാലിറ്റി എജ്യുക്കേഷന്‍, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.

ജൂണ്‍ 5 ന് 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളര്‍ച്ച' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.

'സമൂഹ ക്ഷേമത്തിനും സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത ടൂറിസം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ മിഷന്‍ ഡയറക്ടര്‍ കെ. രൂപേഷ് കുമാര്‍  സംസാരിക്കും. ആര്‍ടി മിഷന്‍ ജെന്‍ഡര്‍ ഓഡിറ്റ് ആന്‍ഡ് സേഫ്റ്റി ഓഡിറ്റ് ടീം അംഗവും എസ്കേപ്പ് നൗ സ്ഥാപകയുമായ ഇന്ദു കൃഷ്ണ, ആര്‍ടി ക്ലബ് ലീഡര്‍ ഇന്ദിര എന്നിവരാണ് മറ്റ് പാനലിസ്റ്റുകള്‍. 'കേരളത്തിന്‍റെ വികസനം' എന്ന വിഷയത്തില്‍ കേരള ഡെവലപ്മെന്‍റ് മീഡിയ ചെയര്‍മാന്‍ നസീര്‍ സലാം സംസാരിക്കും.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മില്‍ ഉണ്ടായിരിക്കും. ആയുര്‍വേദത്തെ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റ് കമ്പനി പ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍പ്പറേറ്റ് ബിസിനസ് നെറ്റ് വര്‍ക്കിംഗ് സെഷനും നടക്കും. ജൂണ്‍ 4, 5 ദിവസങ്ങളിലാണ് ബിടുബി സെഷനുകള്‍ നടക്കുക.

 ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

ട്രാവന്‍കൂര്‍ എക്സ്പീരിയന്‍സ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകര്‍ഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയന്‍ ഒരുക്കും. ബിസിനസ് നെറ്റ് വര്‍ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയന്‍ പ്രവര്‍ത്തിക്കും.

ജിടിഎം മെട്രോ എക്സ്പെഡിഷന്‍ അവാര്‍ഡ് നൈറ്റ് ജൂണ്‍ 4 ന് വൈകുന്നേരം 6 ന് കോവളം ലീല ഹോട്ടലില്‍ നടക്കും. ജൂണ്‍ 5 ന് വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ജിടിഎം 2026 ന്‍റെ സമാപന സമ്മേളനം നടക്കും.

എക്സ്പോയിലേക്ക് ജൂണ്‍ 5 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gtmt.in, 9995139933, ഇമെയില്‍: info@gtmt.in.

Photo Gallery