ഇഗ്‌നൈറ്റ് 3.0 ലേക്ക് അപേക്ഷ ക്ഷണിച്ചു

ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം
Trivandrum / June 3, 2026

തിരുവനന്തപുരം: ടെക് കമ്പനികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് അവസരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും തൊഴില്‍പരിചയം ലഭിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്ലാറ്റ് ഫോമായ ടെക് ഇന്‍റേണ്‍ഷിപ്പ് പോര്‍ട്ടല്‍ 'ഇഗ്‌നൈറ്റ് 3.0' ആരംഭിച്ചു.

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്), കോഴിക്കോടിലെ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ബിരുദധാരികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്ന സംരംഭമാണ് 'ഇഗ്‌നൈറ്റ് 3.0'.

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതിലേക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 25 വയസ്.

തൊഴില്‍പരിചയം നേടാനും ഭാവിയിലേക്ക് മികച്ച ജോലി ലഭിക്കാനും ഇത് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കും. മികച്ച ഉദ്യോഗാര്‍ഥികളെ വ്യവസായങ്ങള്‍ക്ക് ലഭിക്കാനും ഇതു വഴി സാധിക്കും.

കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പരസ്പരം കണ്ടെത്തുന്നതിനുള്ള പ്ലാറ്റ് ഫോമായിരിക്കും ഇഗ്‌നൈറ്റ്. കമ്പനികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് അവസരങ്ങള്‍ ഈ പ്ലാറ്റ് ഫോമിലൂടെ പോസ്റ്റ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യാനുമാകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.

ഐസിറ്റി അക്കാദമിയുമായി സഹകരിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു ഏകീകൃത ടെക് ഇന്‍റേണ്‍ഷിപ്പ് പ്ലാറ്റ് ഫോമാണ് ഇഗ്‌നൈറ്റ്. ഐടി-ഐടി അനുബന്ധമേഖലകളിലെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും പ്രതിഭാലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് 2022 ലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും സന്ദര്‍ശിക്കുക:ignite.keralait.org


ഫോണ്‍: 0471 2700811/12/13.

Photo Gallery