ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ന്‍റെ ബിടുബി മീറ്റ് മന്ത്രി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു
Trivandrum / June 3, 2026
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ബിടുബി മീറ്റ് ഗതാഗത മന്ത്രി സിപി ജോണ്‍ ഉദ്ഘാടനം ചെയ്തു.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുകയെന്ന ഏറക്കാലമായുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ടൂറിസത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്. സംസ്ഥാനത്തിന്‍റെ ജിഡിപിയുടെ 10 മുതല്‍ 12 ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലാണ്. ലിഷര്‍ ടൂറിസത്തിലെ ഏഷ്യയിലെ പ്രധാന ഡെസ്റ്റിനേഷനായി കേരളം മാറിയിട്ടുണ്ട്. ദക്ഷിണ കേരളത്തിലേക്ക് കൂടുതല്‍വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജിടിഎം അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിടിഎം പോലുള്ള പരിപാടികള്‍ ദക്ഷിണേന്ത്യയിലെ ടൂറിസം വ്യവസായത്തിന്‍റെ വളര്‍ച്ചയെ പോഷിപ്പിക്കുമെന്ന് മുഖ്യാതിഥിയായ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് അഭിപ്രായപ്പെട്ടു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവ് കേരളത്തിലെയും ആന്ധ്രയിലെയും ടൂറിസം വ്യവസായത്തിന് കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ എം.വിന്‍സെന്‍റ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. ജൂണ്‍ 5 വരെ നടക്കുന്ന ജിടിഎം-2026 ല്‍ 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്നും ഇനിയും ഏറെ സാധ്യതകളാണ് സംസ്ഥാനത്തിനുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയില്‍ സംസ്ഥാനങ്ങളോടല്ല കേരളം മത്സരിക്കുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളായ വിയറ്റ്നാം, തായ് ലാന്‍റ്, ഇന്തോനേഷ്യ എന്നിവയോടാണ്. പരമ്പരാഗത രീതിയില്‍ നിന്ന് മാറി ആഗോള സ്വീകാര്യതയുള്ള പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍ കൊണ്ടുവരാന്‍ കേരളത്തിനാകണം. ഇതിലൂടെ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനത്തിനാകും. ജിടിഎം പോലെയുള്ള സംരംഭങ്ങള്‍ ടൂറിസം വ്യവസായ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നും ടൂറിസം പങ്കാളികള്‍ക്ക് പുതിയ അവസരങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടിസിസിഐ പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, എസ്കെഎച്ച്എഫ് പ്രസിഡന്‍റ് എംആര്‍ നാരായണന്‍, സികെടിഐ പ്രസിഡന്‍റ് ഇഎം നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് ശിശുപാലന്‍, ബേബി മാത്യു, കെടിഡിഎ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജിടിഎം സിഇഒ സിജി നായര്‍ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.
ജിടിഎമ്മിന്‍റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ ഇന്ന് (ജൂണ്‍ 4) രാവിലെ 10 ന് അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കും.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും. ഇന്നും നാളെയുമായിട്ടാണ് (ജൂണ്‍ 4, 5) ബിടുബി സെഷനുകള്‍ നടക്കുക. എക്സ്പോയിലേക്ക് നാളെ (ജൂണ്‍ 5) പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കും. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും. ആയുര്‍വേദത്തെ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 4 ന് ഹോസ്പിറ്റാലിറ്റി എജ്യുക്കേഷന്‍, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ജൂണ്‍ 5 ന് 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളര്‍ച്ച' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.
ട്രാവന്‍കൂര്‍ എക്സ്പീരിയന്‍സ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകര്‍ഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയന്‍ ഒരുക്കും. ബിസിനസ് നെറ്റ്വര്‍ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയന്‍ പ്രവര്‍ത്തിക്കും.