ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ മത്സരം അന്താരാഷ്ട്ര രാജ്യങ്ങളുമായി: സുമന്‍ ബില്ല

Trivandrum / June 4, 2026

തിരുവനന്തപുരം: കേരളത്തിന്‍റെ ടൂറിസം മേഖല ഇനി മത്സരിക്കേണ്ടത് മറ്റ്

ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, മറിച്ച് പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാര
രാജ്യങ്ങളോടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും
ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല പറഞ്ഞു. തിരുവനന്തപുരത്ത്  നടക്കുന്ന
ത്രിദിന ജി.ടി.എം 2026 ല്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം
തത്ത്വങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതില്‍ ലോകത്ത് മറ്റൊരു
വിനോദസഞ്ചാര കേന്ദ്രവും കേരളവുമായി താരതമ്യം ചെയ്യാന്‍ പോലുമാകില്ല. എന്നാല്‍
ഈ നേട്ടങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആഗോള
മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ കേരളം  കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഇതിന്‍റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കുറഞ്ഞത് പത്ത്
ലോകോത്തര ടൂറിസം കേന്ദ്രങ്ങളെങ്കിലും സൃഷ്ടിക്കണമെന്നും അദ്ദേഹം
നിര്‍ദ്ദേശിച്ചു. ഏഷ്യയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങളായ
തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവയുമായാണ് കേരളം
മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ കയ്യൊപ്പുള്ള ടൂറിസം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ യാത്ര
കൂടുതല്‍ സുഗമമാക്കുന്നതിന് വിമാനത്താവള കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങള്‍,
ശുചിത്വം, ട്രാഫിക് മാനേജ്മെന്‍റ്, കുടിവെള്ള ലഭ്യത എന്നിവയുള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാനം
തയ്യാറാകണം.

 ടൂറിസത്തിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കിടയിലും ഉത്തരവാദിത്ത
ടൂറിസത്തിന്‍റെ പാരമ്പര്യവും മൂല്യങ്ങളും കൈവിട്ടുപോകരുത്.
വിനോദസഞ്ചാരികള്‍ക്ക് കേവലം താമസസൗകര്യങ്ങള്‍ നല്കുന്നതിനപ്പുറം അവര്‍ക്ക്
അര്‍ത്ഥവത്തായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കാന്‍ നമുക്ക് സാധിക്കണം.  ഇന്നത്തെ
സഞ്ചാരികള്‍ വെറും കാഴ്ചകള്‍ക്കപ്പുറം പ്രാദേശിക സംസ്കാരവും ഭക്ഷണരീതികളും
അടുത്തറിയുന്ന അനുഭവവേദ്യമായ യാത്രകളാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യ ഇതുവരെ സ്മാരകങ്ങളുടെയും ഹോട്ടലുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്
അറിയപ്പെട്ടിരുന്നത്. ഈ രീതി മാറി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാംസ്കാരികവും
പാചകരീതികള്‍ ഉള്‍ക്കൊള്ളുന്നതുമായ സവിശേഷ യാത്രാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍
കേരളത്തിലെ ടൂറിസം മേഖല മുന്നിട്ടിറങ്ങണം. ചെറുകിട ടൂറിസം സംരംഭകര്‍ക്ക്
അന്താരാഷ്ട്ര ബയര്‍മാരുമായും ആഗോള ശൃംഖലകളുമായും നേരിട്ട് ബന്ധപ്പെടാന്‍
ജി.ടി.എം പോലുള്ള ട്രാവല്‍ മാര്‍ട്ടുകള്‍ വലിയ സഹായമാകുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ ഇന്ത്യന്‍ ടൂറിസം മേഖല കൈവരിച്ച മുന്നേറ്റങ്ങളും സുമന്‍ ബില്ല
വിവരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ
വികസനവും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നിട്ടുള്ളത്.
വിമാനത്താവളങ്ങളുടെ എണ്ണം എഴുപത്തിയഞ്ചില്‍ നിന്നും നൂറ്റമ്പതിലധികമായി
ഉയര്‍ന്നതും ദേശീയപാതകളുടെ വികസനവുമെല്ലാം യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കി.

അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതിനേക്കാള്‍ വേഗത്തില്‍
ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ ഉയര്‍ന്നതിനാല്‍, ടൂറിസം രംഗത്ത് ഇന്ത്യ ഇപ്പോള്‍
വിദേശനാണ്യം കൂടുതല്‍ ചിലവഴിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ്. ഈ
സാഹചര്യത്തില്‍ ഇന്ത്യയുടെ ടൂറിസം മേഖല വെറും പ്രചാരണങ്ങളില്‍ മാത്രം
ഒതുങ്ങാതെ ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ആഭ്യന്തര
ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിജയഗാഥയാണെന്നും, വന്‍തോതില്‍
തൊഴിലവസരങ്ങളും പ്രാദേശിക വികസനവും ഉറപ്പാക്കാന്‍ ടൂറിസം മേഖലയ്ക്ക് 

സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Photo Gallery

+
Content