ഉത്തരവാദിത്ത ടൂറിസം മാതൃക അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തും: ടൂറിസം മന്ത്രി

ജിടിഎം മെട്രോ എക്സെഡിഷന്‍ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു
Trivandrum / June 4, 2026

തിരുവനന്തപുരം: ആഗോള തലത്തില്‍ പ്രശംസ നേടിയ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മാതൃക അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം ഏറെയാണെന്നും ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര, ഉത്തരവാദിത്ത മാതൃകയിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. ടൂറിസത്തെ വ്യവസായമായി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ട്. വരുന്ന ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണനയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും ജിടിഎം-2026 ല്‍ പങ്കെടുക്കുന്നുണ്ട്.

 ജിടിഎം മെട്രോ എക്സെഡിഷന്‍ അവാര്‍ഡുകളുടെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. മികച്ച ടൂറിസം പ്രൊമോഷന്‍ സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് ഏറ്റുവാങ്ങി.

 ചടങ്ങില്‍ മേയര്‍ വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. ജിടിഎം ഡയറക്ടറിയുടെ പ്രകാശനം വി.മുരളീധരന്‍ എംഎല്‍എ ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അജയ് ജെയിനിന് നല്‍കി നിര്‍വ്വഹിച്ചു. മെട്രോ എക്സ്പെഡിഷന്‍റെ പുതിയ പതിപ്പിന്‍റെ പ്രകാശനം ടൂറിസം മന്ത്രി ആന്ധ്രാ ടൂറിസം മന്ത്രിക്ക് നല്‍കി നിര്‍വ്വഹിച്ചു.

ടിസിസിഐ പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, എസ്കെഎച്ച്എഫ് പ്രസിഡന്‍റ് എംആര്‍ നാരായണന്‍, സികെടിഐ പ്രസിഡന്‍റ് ഇഎം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് ശിശുപാലന്‍, ബേബി മാത്യു എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ജിടിഎം സിഇഒ സിജി നായര്‍ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.

ടൂറിസം പ്രൊമോഷന്‍, ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡിംഗ്, സാംസ്കാരിക പൈതൃക സംരക്ഷണം, ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിലെ മികവ് എന്നിവയിലെ മികച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് ആന്ധ്രയ്ക്ക് ബഹുമതി.

ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മികവിനുള്ള അംഗീകാരം കോവളം ലീല റാവിസിന് ലഭിച്ചു. കേരളത്തിന്‍റെ ടൂറിസം വ്യവസായത്തിന് മികച്ച സംഭാവനകള്‍, ലോകോത്തര ആതിഥ്യമര്യാദ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.

യുഡിഎസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജശേഖരന്‍ നായര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായത്തിനായുള്ള സംഭാവനകള്‍ക്കും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനുമുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം.

ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി വികസനത്തിനായുള്ള സാമ്പത്തിക സേവനങ്ങളിലെ മികവ് പരിഗണിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് (കെഎഫ്സി) അവാര്‍ഡ് സമ്മാനിച്ചു. സാമ്പത്തിക സഹായത്തിലൂടെയും വികസന സംരംഭങ്ങളിലൂടെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, എംഎസ്എംഇകള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയതിനാണ് ബഹുമതി.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ജിടിഎം-2026 ന്‍റെ ഭാഗമായുള്ള ബിടുബി മീറ്റ് ബുധനാഴ്ച ഗതാഗത മന്ത്രി സിപി ജോണും എക്സ്പോ ഇന്നലെ (ജൂണ്‍ 4) ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷും ഉദ്ഘാടനം ചെയ്തു. 200-ലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി  ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കുന്ന ജിടിഎം ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ അവതരിപ്പിക്കും. ആയുര്‍വേദത്തെ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 എക്സ്പോയിലേക്ക് ഇന്ന് (ജൂണ്‍ 5) പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് (ജൂണ്‍ 5) വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ജിടിഎം 2026 ന്‍റെ സമാപന സമ്മേളനം നടക്കും.

 

 

Photo Gallery

+
Content
+
Content
+
Content