ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായി

Trivandrum / June 6, 2026

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പില്‍ 60,000-ത്തിലധികം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകള്‍. അപ്പോയിന്‍റ്മെന്‍റ് അധിഷ്ഠിത നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് മീറ്റിംഗുകള്‍ ക്രമീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലുടനീളമുള്ള പ്രമുഖ ടൂറിസം, ഹോസ്പിറ്റാലിറ്റി പങ്കാളികളെ പ്രതിനിധീകരിക്കുന്ന 2000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 100 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 228 ലധികം സ്റ്റാളുകളും ജിടിഎമ്മിന്‍റെ ഭാഗമായി.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന ആദ്യ സമ്മേളനമെന്ന നിലയില്‍ കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ജിടിഎം-2026 ലൂടെ സാധിച്ചു.


സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയുംസഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിച്ചത്.

ടൂറിസം, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ജിടിഎം-2026 ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി സി.പി. ജോണ്‍ ആണ് ബി2ബി മീറ്റ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും മികച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2026 ലെ മെട്രോ എക്സ്പെഡിഷന്‍-ജിടിഎം ടൂറിസം അവാര്‍ഡ് ആന്ധ്രപ്രദേശ് ടൂറിസം മന്ത്രി കന്ദുല ദുര്‍ഗേഷ് സ്വീകരിച്ചു.

കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ അഞ്ജന എം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

 ജിടിഎമ്മിന്‍റെ അടുത്ത പതിപ്പിന് ആന്ധ്രാപ്രദേശ് വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിച്ച ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കി.

ജിടിഎമ്മിന്‍റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോയും അന്താരാഷ്ട്ര ട്രാവല്‍ ട്രേഡ് നെറ്റ് വര്‍ക്കിംഗ് സെഷനുകളും ബി2ബി മീറ്റിംഗുകളും അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടന്നത്.

ദക്ഷിണേന്ത്യയുടെ ട്രാവല്‍ വ്യാപാര മേഖലയില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാന്‍ ജിടിഎം 2026 ലൂടെ സാധിച്ചതായി ജിടിഎം സിഇഒ സിജി നായര്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ബയേഴ്സ് ഇതിന്‍റെ ഭാഗമായി. ജിടിഎമ്മിന്‍റെ ഉദ്ഘാടന പതിപ്പില്‍ ഏകദേശം 38,000 ബി2ബി മീറ്റിംഗുകള്‍ നടന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ജിടിഎം, ബി2ബി സെഷനുകളുടെ എണ്ണത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിനസ് നെറ്റ് വര്‍ക്കിംഗ്, പങ്കാളിത്തം, നിക്ഷേപങ്ങള്‍, ടൂറിസം മേഖലയുടെ പ്രോത്സാഹനം എന്നിവയ്ക്കുള്ള പ്രധാന വേദിയായി ജിടിഎം 2026 മാറി. ജിടിഎം 2026 ല്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കും ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്കും വലിയ സാധ്യതകള്‍ തുറന്നു കിട്ടിയതായും സിജി നായര്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുടമകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്പനികള്‍, ടൂറിസം ബോര്‍ഡുകള്‍, ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍, നിക്ഷേപകര്‍ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടിയിയെ ആകര്‍ഷകമാക്കി.

Photo Gallery